കൊച്ചി: തലശ്ശേരി ഫസല്‍ വധത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമെന്ന് സി.ബി.ഐ. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന വെളിപ്പെടുത്തല്‍ സി.ബി.ഐ തള്ളി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കുന്നത്.
കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ സി.പി.ഐ.എം പ്രാദേശിക നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉള്‍പ്പെടെയുള്ളവരാണെന്നും സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തന്നെയാണ് ശരിയെന്നും സി.ബി.ഐ ആവര്‍ത്തിക്കുന്നു.
കൊലയ്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന സി.ബി.ഐ ഇത് കസ്റ്റഡിയില്‍വെച്ച് പറയിച്ചതാണെന്നും പറയുന്നു.
ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസുകാരാണ് എന്ന് സുബീഷ് വെളിപ്പെടുത്തിയിരുന്നു. താനടക്കം നാല് പേരടങ്ങുന്ന ആര്‍.എസ്.എസ് സംഘമാണ് ഫസലിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് സുബീഷ് പറഞ്ഞത്. ഈ മൊഴിയാണ് സി.ബി.ഐ നിഷേധിക്കുന്നത്.