| Tuesday, 24th July 2012, 11:47 pm

കവിയൂര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു, ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണം: സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കവിയൂര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ക്രൈം നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ. ലതാനായര്‍ക്ക് ക്രൈം നന്ദകുമാര്‍ ഒരു കോടി വാഗ്ദാനം ചെയ്തതായും സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ പേരുകള്‍ സി.ബി.ഐ അന്വേഷണസംഘത്തോട് പറയാനാണ് ലതാനായര്‍ക്ക് തുക വാഗ്ദാനം ചെയ്തത്. നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ നടപടി എടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ സി.ബി.ഐ ആവശ്യപ്പെടുന്നു.[]

ഇതിനിടെ അനഘയെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചെന്ന വാദം സി.ബി.ഐ ആവര്‍ത്തിച്ചു. ഈ വാദം കോടതി നേരത്തേ നിരാകരിച്ചിരുന്നെങ്കിലും ലതാനായരുടെ മൊഴി ഉദ്ധരിച്ചാണ് സി.ബി.ഐ നിലപാട് ആവര്‍ത്തിച്ചത്. കവിയൂര്‍ കേസില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉന്നതര്‍ക്ക് പങ്കില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

കവിയൂര്‍കേസ് അട്ടിമറിക്കുന്നതിന് ക്രൈം നന്ദകുമാര്‍ ശ്രമിച്ചതിന് സി.ബി.ഐ അക്കമിട്ട് തെളിവുകള്‍ നിരത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.പി.ഐ.എം  പി.ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ക്കും പി.കെ. ശ്രീമതി, തോമസ് ചാണ്ടി, ബിനീഷ് കോടിയേരി, എം.എ. ബേബിയുടെ മകന്‍, സിനിമാ നിര്‍മ്മാതാവ് സജി നന്ദ്യാട്ട്, മോഹനന്‍ എന്നിവര്‍ക്കുമെതിരെ ആരോപണം ഉന്നയിക്കാനാണ് ക്രൈം നന്ദകുമാര്‍ ലതാനായരെ സമീപിച്ചത്. ഇതിനായി ലതാനായര്‍ക്ക് അന്‍പത് ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്തു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ലതാനായര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയോയെന്ന് നന്ദകുമാര്‍ ഫോണില്‍ വനിതാ ജയില്‍ സൂപ്രണ്ട് നസീറ ബീവിയോട് ആരാഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനഘയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മൂന്നു ദിവസത്തോളം നാരായണന്‍ നമ്പൂതിരി ഒഴികെ മറ്റാരും പുറത്ത് പോയിട്ടില്ല. ഈ വീട്ടിലേക്ക് മറ്റാരും വന്നിട്ടുമില്ല. അനഘ അച്ഛനെ ഭയപ്പെട്ടിരുന്നതായി കൂട്ടുകാരിയുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്നാണ് സാഹചര്യ തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടരന്വേഷണ ഹരജികള്‍ സമര്‍പ്പിച്ചതുകൊണ്ടാണ് ഈ വിവരം പുറത്തുപറയാന്‍ നിര്‍ബന്ധിതമായത്. കിളിരൂര്‍ കേസിലെ പ്രധാന ഇടനിലക്കാരി ലതാനായരെ തങ്ങളുടെ വീട്ടില്‍ ഒളിപ്പിച്ചത് പുറത്ത് അറിഞ്ഞതിലുള്ള മാനഹാനി ഭയന്നാണ് കുടുംബം ആത്മഹത്യ ചെയ്തത്. ഇതിനാല്‍ കൂട്ട ആത്മഹത്യക്ക് പിന്നില്‍ ലതാനായരാണെന്ന കുറ്റപത്രത്തിലെ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സി.ബി.ഐ വ്യക്തമാക്കി.

സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് ആഗസ്റ്റ് പതിനാറിന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി. മൂസത് പരിഗണിക്കും.

അതിനിടെ, കവിയൂര്‍ കേസ് അട്ടിമറിക്കാനുള്ള സി.ബി.ഐ നീക്കത്തിന്റെ ഭാഗമാണു ലതാ നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമെന്ന് നന്ദകുമാര്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത അനഘയെ പിതാവ് നാരായണന്‍ നമ്പൂതിരി പീഡിപ്പിച്ചെന്ന സി.ബി.ഐയുടെ കെട്ടുകഥ പൊളിച്ചതിന്റെ വിരോധം തീര്‍ക്കാനാണ് പുതിയ ആരോപണവുമായി എത്തിയതെന്നും  ആരോപിച്ചു.

ലതാ നായരെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും അവര്‍ക്കു പറയാനുള്ള കാര്യങ്ങള്‍ ജയില്‍ സുപ്രണ്ടു വഴി കത്തായി അയക്കാനോ  അഭിഭാഷക മുഖേന കോടതിയില്‍ സമര്‍പ്പിക്കാനോ ആണ്   നിര്‍ദേശിച്ചത്. ക്രൈം വാര്‍ത്തയില്‍ പ്രസിദ്ധീകരിച്ചവര്‍ മാത്രമല്ല മറ്റു പലരും അനഘയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലതാ നായര്‍ പറഞ്ഞിരുന്നു.

ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേരു പറയാന്‍ നിര്‍ബന്ധിക്കുകയോ പണം വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല.  അഭിഭാഷകയുടെയും ജയില്‍ സുപ്രണ്ടിന്റെയും സാന്നിധ്യത്തിലാണു ലതാ നായരോടു സംസാരിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more