ഇന്ദിര ജെയ്‌സിങിന്റെ ലോയേഴ്‌സ് കളക്ടീവിനെതിരെ സിബിഐ; സംഘടനയെ തകര്‍ക്കുന്നതിന് പിന്നില്‍ അമിത് ഷായുടെ പക വീട്ടലോ?
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ് സ്ഥാപിച്ച എന്‍.ജി.ഒ ലോയേഴ്‌സ് കളക്ടീവിനെതിരെ തിരിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ലോയേഴ്‌സ് കളക്ടീവിനും പ്രസിഡണ്ടും മുതിര്‍ന്ന അഭിഭാഷകമുമായ ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസെടുത്തു. ഇന്ദിരാ ജെയ്‌സിങിന്റെ ഭര്‍ത്താവാണ് ആനന്ദ് ഗ്രോവര്‍. വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്.
വിദേശ സംഭാവന ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയിലാണ് കേസ്. വിദേശ സംഭാവനകള്‍ വ്യത്യസ്ഥ വഴിക്ക് ചെലവഴിച്ചു എന്നാണ് ആഭ്യന്ത്ര മന്ത്രാലയം ലോയേഴ്‌സ് കളക്ടീവിനെതിരെ ഉയര്‍ത്തുന്ന വാദം.
ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമീപനമായിരുന്നു ലോയേഴ്‌സ് കളക്ടീവിന്റേത്. മോദി സര്‍ക്കാരിനെതിരായ നിരവധി കേസുകളിലും അമിത് ഷാ പ്രതിസ്ഥാനത്ത് നിന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ലോയേഴ്‌സ് കളക്ടീവ് നിയമ സഹായം നല്‍കിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കളക്ടീവിനെതിരെ നടപടിയെന്നതും ശ്രദ്ധേയമാണ്.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്ക്ക് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്. സംഘടന നേരത്തെ തന്നെ വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ലോയേഴ്‌സ് കളക്ടീവ് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 2016ല്‍, ആഭ്യന്ത്ര മന്ത്രാലയം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംഘടനയോട് വിശദീകരണം ആവശ്യപ്പെടുകയും ചെലവുകള്‍ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്ത്ര മന്ത്രാലം സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.
ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവര്‍ നിരവധിത്തവണ ചട്ടലംഘനം നടത്തിയെന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രോവര്‍ക്ക് പുറമെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഓഫീസ് സ്റ്റാഫുകളുടെ പേരിലും കേസുണ്ട്.
വിദേശ ഫണ്ടുകള്‍ ഉപയോഗിച്ച് ആനന്ദ് ഗ്രോവര്‍ വിമാന യാത്രകള്‍ നടത്തി, ധര്‍ണകള്‍ നടത്താനും എംപിമാര്‍ക്ക് വക്കാലത്ത് നടത്താനും ഈ തുകയില്‍നിന്നും ചെലവഴിച്ചു തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. ഇന്ദ്രിരാ ജെയ്‌സിങിന്റെ വിമാന യാത്രാചെലവും ഫണ്ടില്‍നിന്ന് പണമുപയോഗിച്ചു എന്നും എഫ്.ഐ.ആറില്‍ പറയുന്നു.
സി.ബി.ഐ നടപടിയെ സംഘടന അപലപിച്ചു. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെയും മോദ് സര്‍ക്കാരിനെതിരെയുമുള്ള കേസുകളില്‍ നിയമസഹായം നല്‍കിയതുകൊണ്ടാണ് സംഘടനയ്‌ക്കെതിരെ നടപടിയുണ്ടാകുന്നതെന്നും ലോയേഴ്‌സ് കളക്ടീവ് പറഞ്ഞു.
ലോയേഴ്‌സ് കളക്ടീവ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണമുപയോഗിക്കുന്നുണ്ടെന്നും ആരോപിച്ച് അഭിഭാഷകരുടെ മറ്റൊരു സംഘടനയായ ലോയേഴ്‌സ് വോയ്‌സ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ വിശദീകരണമാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ച് ലോയേഴ്‌സ് കളക്ടീവിന് നോട്ടീസ് നല്‍കിയിരുന്നു. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് പണമുപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ലോയേഴ്‌സ് വോയ്‌സ് ബി.ജെ.പി അഭിഭാഷകരുടെ സംഘടനയാണ്. ലോയേഴ്‌സ് വോയ്‌സിന്റെ തലവന്‍ നീരജ്, ബി.ജെ.പിയുടെ ദല്‍ഹി ലീഗല്‍ സെല്ലിന്റെ തലവനുമാണെന്ന് ലോയേഴ്‌സ് കളട്കീവ് പ്രസ്താവനയില്‍ പറയുന്നു. എഫ്.ഐ.ആര്‍ നിയമപരമായോ വസ്തുതാപരമായോ നിലനില്‍ക്കില്ലെന്നും സംഘടന വ്യക്തമാക്കി.