ന്യൂദല്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണാ കപൂറടക്കം നാലുപേര്‍ക്കെതിരെ പുതിയ കേസ് ഫയല്‍ ചെയ്ത് സി.ബി.ഐ. റാണാകപൂര്‍, ഭാര്യ ബിന്ദു, അവന്ത, റിയല്‍ട്ടി പ്രമോട്ടര്‍ ഗൗതം ഥാപര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
അമൃതാ ഷെര്‍ഗില്‍ ബംഗ്ലാവുമായി ബന്ധപ്പെട്ടും ഗൗതം ഥാപറിന്റെ കമ്പനിയ്ക്ക് 1,500കോടി രൂപ വരുന്ന ലോണിന് ഇളവ് നല്‍കിയതിന് കൈക്കൂലി വാങ്ങിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
റാണാ കപൂറിന്റെയും ഭാര്യയുടെയും ഒഫീസുകളിലും ദല്‍ഹിയിലെയും മുംബൈയിലെയും വിവിധ സ്ഥലങ്ങളിലും അന്വേഷണ ഏജന്‍സി തിരച്ചില്‍ നടത്തി വരികയാണ്. ബിന്ദുവുമായും ഥാപറുമായും അദ്ദേഹത്തിന്റെ കമ്പനിയുമായും ബന്ധപ്പെട്ടുകിടക്കുന്ന ബ്ലിസ് അഡോബ്, ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലടക്കം തിരച്ചില്‍ നടത്തുന്നുണ്ട്.
ന്യൂദല്‍ഹിയിലെ ഒരു ബംഗ്ലാവിന് റാണാകപൂറിന്റെ ഭാര്യ ഡയറക്ടറായ ബ്ലിസ് അഡോബ് കമ്പനി മുഖേന 378 കോടി രൂപ മാത്രം നല്‍കി പണം തട്ടാന്‍ മറ്റൊരുളുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. 685 കോടി രൂപയ്ക്ക് ഈ വസ്തു ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് പണയം വെക്കുകയും ചെയ്തു.
അവന്ത റിയല്‍റ്റി ലിമിറ്റഡിന്റെ നിലവിലുള്ള ലോണുകള്‍ക്കും പുതിയ /അധിക വായ്പകള്‍ നല്‍കുന്നതിനുമായി വിപണി മൂല്യത്തെക്കാള്‍ ഇളവില്‍ പണം നല്‍കിയെന്നും ആരോപണമുണ്ട്. അതേസമയം തങ്ങളുടെ ഓഫീസുകളില്‍ തിരച്ചില്‍ നടത്തിയിട്ടില്ലെന്ന് ഇന്ത്യ ബുള്‍സ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.