ന്യൂദല്‍ഹി: അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെയും ഭര്‍ത്താവ് അനന്ദ് ഗ്രോവറിന്റേയും വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. അവരുടെ എന്‍.ജി.ഒയായ ലോയേഴ്‌സ് കലക്ടീവിനുവേണ്ടി വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ച് ലോയേഴ്‌സ് കലക്ടീവിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ദിരാ ജെയ്‌സിങ്ങും ഭര്‍ത്താവും വിദേശ സംഭാവനകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫണ്ടുകള്‍ രാജ്യത്തിന് പുറത്ത് നിക്ഷേപിക്കുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.
ഇന്ദിരാ ജെയ്‌സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കെയാണ് സംഭാവനകള്‍ ദുരുപയോഗം ചെയ്തതെന്നാണ് സി.ബി.ഐ ആരോപണം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ആ സമയത്ത് വിദേശ യാത്രകള്‍ക്ക് പണം ചിലവഴിച്ചതെന്നും സി.ബി.ഐ ആരോപിക്കുന്നു.
അതേസമയം, ലോയേഴ്‌സ് കലക്ടീവിനെതിരെയാ നീക്കം കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമര്‍ശനം ശക്തമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമീപനമായിരുന്നു ലോയേഴ്‌സ് കളക്ടീവ് സ്വീകരിച്ചത്. മോദി സര്‍ക്കാരിനെതിരായ നിരവധി കേസുകളിലും അമിത് ഷാ പ്രതിസ്ഥാനത്ത് നിന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ലോയേഴ്‌സ് കളക്ടീവ് നിയമ സഹായം നല്‍കിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കളക്ടീവിനെതിരെ നടപടിയെടുത്തത്.
സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ സംഘടനയ്ക്ക് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്. സംഘടന നേരത്തെ തന്നെ വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ലോയേഴ്‌സ് കളക്ടീവ് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 2016ല്‍, ആഭ്യന്തര മന്ത്രാലയം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംഘടനയോട് വിശദീകരണം ആവശ്യപ്പെടുകയും ചെലവുകള്‍ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്ത്ര മന്ത്രാലം സംഘടനയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.
എഫ്.സി.ആര്‍.എ നിയമപ്രകാരം മാത്രമാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നതെന്നും 2016ല്‍ ആഭ്യന്തരമന്ത്രാലയം തങ്ങളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നുമാണ് ലോയേഴ്സ് അസോസിയേഷന്‍ നല്‍കിയ വിശദീകരണം. ലൈസന്‍സ് റദ്ദാക്കിയതിനെതിരെ തങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും ലോയേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.