ന്യൂദല്‍ഹി: അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങിന്റെയും ഭര്‍ത്താവ് അനന്ദ് ഗ്രോവറിന്റേയും വീട്ടിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. അവരുടെ എന്‍.ജി.ഒയായ ലോയേഴ്‌സ് കലക്ടീവിനുവേണ്ടി വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.
വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാരോപിച്ച് ലോയേഴ്‌സ് കലക്ടീവിനെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ദിരാ ജെയ്‌സിങ്ങും ഭര്‍ത്താവും വിദേശ സംഭാവനകള്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഫണ്ടുകള്‍ രാജ്യത്തിന് പുറത്ത് നിക്ഷേപിക്കുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു.
ഇന്ദിരാ ജെയ്‌സിങ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരിക്കെയാണ് സംഭാവനകള്‍ ദുരുപയോഗം ചെയ്തതെന്നാണ് സി.ബി.ഐ ആരോപണം. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ആ സമയത്ത് വിദേശ യാത്രകള്‍ക്ക് പണം ചിലവഴിച്ചതെന്നും സി.ബി.ഐ ആരോപിക്കുന്നു.
അതേസമയം, ലോയേഴ്‌സ് കലക്ടീവിനെതിരെയാ നീക്കം കേന്ദ്രസര്‍ക്കാറിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന വിമര്‍ശനം ശക്തമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമീപനമായിരുന്നു ലോയേഴ്‌സ് കളക്ടീവ് സ്വീകരിച്ചത്. മോദി സര്‍ക്കാരിനെതിരായ നിരവധി കേസുകളിലും അമിത് ഷാ പ്രതിസ്ഥാനത്ത് നിന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ലോയേഴ്‌സ് കളക്ടീവ് നിയമ സഹായം നല്‍കിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കളക്ടീവിനെതിരെ നടപടിയെടുത്തത്.