ജോഡോ യാത്ര കര്‍ണാടകത്തിലെത്താനിരിക്കെ പി.സി.സി അധ്യക്ഷന്റെ വീട്ടില്‍ സി.ബി.ഐ; ഡി.കെക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്
national news
ജോഡോ യാത്ര കര്‍ണാടകത്തിലെത്താനിരിക്കെ പി.സി.സി അധ്യക്ഷന്റെ വീട്ടില്‍ സി.ബി.ഐ; ഡി.കെക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2022, 11:03 am

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ബുധനാഴ്ച രാത്രിയാണ് റെയ്ഡ് നടന്നത്.

ഡി.കെ. ശിവകുമാറിന്റെ വസതിയിലും കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെ അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടക്കുന്നത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഒരു മണിക്കൂറിനുള്ളില്‍ ശിവകുമാറിന്റെ മൂന്ന് വീടുകളിലും സ്ഥാപനങ്ങളിലുമുള്‍പ്പെടെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയത്.

കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ സി.ബി.ഐ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. റെയ്ഡ് നടന്ന കേന്ദ്രങ്ങളില്‍ ശിവകുമാര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കര്‍ണാടകയില്‍ എത്താന്‍ രണ്ട് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സി.ബി.ഐ നടപി. സി.ബി.ഐ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ബി.ജെ.പി. നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേ മാത്രമാണ് സി.ബി.ഐയെ ഉപയോഗിക്കുന്നതെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.

2017 ല്‍ സി.ബി.ഐയും അനധികൃത സ്വത്ത് സമ്പാദനയുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് ഇ.ഡി അന്വേഷണം ആരംഭിക്കുകയും ഡി.കെ. ശിവകുമാറിനെ ചോദ്യം ചയ്യെുകയും ചെയ്തിരുന്നു. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ല്‍ ശിവകുമാന്റെ ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ 14 വസ്തുവകകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

അനധികൃതമായി 75 കോടി രൂപ ശിവകുമാര്‍ സമ്പാദിച്ചെന്നാണ് അന്ന് സി.ബി.ഐ അറിയിച്ചത്. സി.ബി.ഐക്കു പുറമേ ആദായനികുതി വകുപ്പും ശിവകുമാറിന്റെ വസതികളില്‍ പരിശോധന നടത്തുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.