|

ഇത് സി.ബി.ഐ റെയ്ഡല്ല, ബി.ജെ.പി റെയ്ഡ്; ബീഹാറില്‍ 25 ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ 25 ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. ഭൂമി കുംഭകോണകേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തുന്നത്.

ലാലു പ്രസാദ് യാദവിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതോടനുബന്ധിച്ച് ലാലു പ്രസാദ് യാദവിന്റെ സഹായി സുനില്‍ സിങ് ഉള്‍പ്പെടെയുള്ളവരുടെ വീടുകളിലാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. ആര്‍.ജെ.ഡി നേതാക്കളായ സുബോധ് റോയ്, അഷ്ഫാഖ് കരീം, ഫയാസ് അഹമ്മദ് എന്നിവരുടെ വസതിയിലും സി.ബി.ഐ റെയ്ഡ് നടക്കുന്നുണ്ട്.

റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നാണ് വിഷയത്തില്‍ സുനില്‍ സിങ്ങിന്റെ പ്രതികരണം. ഇത് വ്യക്തിവൈരാഗ്യംകൊണ്ട് മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് ഭയന്ന് എം.എല്‍.എമാര്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമെന്ന് കരുതിയാണ് അവര്‍ ഇതൊക്കെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ആര്‍.ജെ.ഡി നേതാക്കള്‍ക്ക് നേരെ നടക്കുന്നത് സി.ബി.ഐ റെയ്ഡ് അല്ല ബി.ജെ.പി റെയ്ഡ് ആണെന്ന് ആര്‍.ജെ.ഡി രാജ്യസഭാ എം.പി മനോജ് ഝാ പ്രതികരിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ ബി.ജെ.പി ഇത്തരം റെയ്ഡ് നാടകങ്ങളുമായി വരുമെന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അത് കഴിഞ്ഞ് 24 മണിക്കൂര്‍ പോലും ആകുന്നതിന് മുമ്പെ തന്നെ ഞങ്ങള്‍ പറഞ്ഞത് സത്യമായി. എന്തിനാണ് അവര്‍ക്കിത്ര ദേഷ്യം? പൊതുക്ഷേമത്തിന് വേണ്ടിയാണ് സഖ്യം മാറിയതെന്നും ബി.ജെ.പി പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നായിരിക്കും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടക്കുക. 165എം.എല്‍.എമാരുമായാണ് നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

മുന്‍ സഖ്യകക്ഷിയായ ബി.ജെ.പിയുമായി പിരിഞ്ഞ് ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പുറത്ത് വന്ന നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

Content Highlight: CBI raid at nearly 25 of rjd leader’s house, reports