ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടില്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയേയും അദ്ദേഹത്തിന്റെ ബന്ധുക്കളായ ജൂലിയെയും ഡോക്‌സാ ത്യാഗിയെയും സി.ബി.ഐ. ചോദ്യംചെയ്തു.[]
ഇറ്റലിയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് എസ്.പി ത്യാഗിയുടെ പേരുള്ളത്. അതേസമയം, എത്ര രൂപയാണ് ത്യാഗി കൈപ്പറ്റിയതെന്ന് വ്യക്തമല്ല. 362 കോടി രൂപ ഇറ്റാലിയന്‍ കമ്പനി കോഴ നല്‍കിയെന്നാണ് അറിയുന്നത്. ത്യാഗിക്ക് പുറമേ അദ്ദേഹത്തിന്റെ ബന്ധുവിന്റെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇറ്റലിയിലെ വന്‍കിട പ്രതിരോധനിര്‍മാതാക്കളായ “ഫിന്‍മെക്കാനിക്ക” യും ഇന്ത്യയുമായി നടന്ന വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ വന്‍തുക കോഴ നല്‍കിയതായി കഴിഞ്ഞ മാസം വാര്‍ത്ത വന്നിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ സി.ഇ.ഒ.യും ചെയര്‍മാനുമായ ഗൈസപ്പ് ഓര്‍സിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് പുറമേ രണ്ട് ഇടനിലക്കാരും അറസ്റ്റിലായിട്ടുണ്ട്.
ഫിന്‍മെക്കാനിക്കക്കെതിരേ മൂന്നു വര്‍ഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. 4000 കോടിയോളം രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടാണ് കമ്പനി ഇന്ത്യയുമായി നടത്തിയത്.
2010 ല്‍ അഗസ്താ വെസ്റ്റ്‌ലന്റ്‌സ് എന്ന പേരില്‍ 12 ഹെലികോപ്റ്റര്‍ ഇന്ത്യക്ക് വില്‍ക്കാനുള്ള കാരാറാണ് ഇറ്റലിയും ഇന്ത്യയും തമ്മില്‍ ഉണ്ടാക്കിയത്. ഇടപാടില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് കോഴ നല്‍കിയത് പുറത്ത് വന്നത്.
മൗറീഷ്യസ് , ടുണീഷ്യ എന്നിവിടങ്ങളില്‍നിന്ന് എന്‍ജിനീയറിങ് കരാറുകളുടെ പേരില്‍ കോഴപ്പണം കൈമാറ്റം ചെയ്യപ്പെടാന്‍ ഇടനിലക്കാരായി എന്ന് ആരോപിക്കപ്പെടുന്ന എയറോമാട്രിക്‌സ്, ഐ.ഡി.എസ്. ഇന്‍ഫോടെക് എന്നീ കമ്പനികളുടെ ഇന്ത്യന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു.