ന്യൂദല്‍ഹി: നാടകീയമായായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ്. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് സി.ബി.ഐ അനുവര്‍ത്തിച്ച നടപടിക്രമങ്ങളും.
ഇന്ത്യാ ടുഡേയാണ് ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്തതു സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സി.ബി.ഐയിലെ ഒരുന്നത ഉദ്യോഗസ്ഥനെ പേരെടുത്തു പറയാതെ ഉദ്ധരിച്ചായിരുന്നു ഇത്.
അര്‍ധരാത്രി 12 മണിക്കാരംഭിച്ച ചോദ്യം ചെയ്യലില്‍ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സി.ബി.ഐ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലയും അതിലുണ്ടായിരുന്നു.
ദ്വയാര്‍ഥം വരുന്നതും വ്യക്തമാകാത്തതുമായിരുന്നു ചിദംബരത്തിന്റെ ഉത്തരങ്ങളില്‍ ഭൂരിഭാഗവും. പലതിനും അദ്ദേഹം മറുപടി പറഞ്ഞുമില്ല.
ചോദ്യം ചെയ്യുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിനു വൈദ്യ പരിശോധന നടത്തിയിരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ സി.ബി.ഐ ആസ്ഥാനത്തെത്തിയായിരുന്നു പരിശോധന.
പിന്നീട് ചോദ്യം ചെയ്യലിനു മുന്‍പ് അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറായെങ്കിലും വിസ്സമ്മതിച്ചു. പിന്നീട് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 20 ചോദ്യങ്ങളായിരുന്നു സി.ബി.ഐയുടെ പക്കലുണ്ടായിരുന്നത്.
അതില്‍ ചില ചോദ്യങ്ങള്‍ ഇങ്ങനെയാണ്:
1) ഇന്ദ്രാണി മുഖര്‍ജി, അവരുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവരെ എങ്ങനെയാണു പരിചയം?
2) ഇന്ദ്രാണിയോടൊപ്പം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ താങ്കളെ കാണാന്‍ വന്നിരുന്നോ? അല്ലെങ്കില്‍ എവിടെയെങ്കിലും നടന്ന പണമിടപാടില്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കു പങ്കുണ്ടായിരുന്നോ?
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
3) പണമിടപാട് നടത്തിയ സ്ഥാപനങ്ങള്‍ താങ്കളുടെ മകന്റെ നിയന്ത്രണത്തിലുള്ളതാണോ?
4) വേറെ ഏതെങ്കിലും മൊബൈല്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ താങ്കളെന്തിനാണ് അത് ഒളിപ്പിക്കുന്നത്?
5) ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു ശേഷം ആരെയാണ് താങ്കള്‍ കണ്ടത്?
6) ചൊവ്വാഴ്ച വൈകീട്ട് നോട്ടീസ് പതിച്ചിട്ടും അന്വേഷണ ഏജന്‍സിക്കു മുന്നില്‍ താങ്കള്‍ ഹാജരാകാതിരുന്നത് എന്തുകൊണ്ടാണ്?
7) താങ്കള്‍ക്കും മകനും എത്ര കടലാസ് കമ്പനികളുണ്ട് (പ്രവര്‍ത്തനമില്ലാത്തവ) ?
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
8) ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ നിന്ന് കാര്‍ത്തി എന്തിനാണ് പണം വാങ്ങിയത്?
9) ബാഴ്‌സലോണ ടെന്നീസ് ക്ലബ്ബ്, യു.കെ, സ്‌പെയ്ന്‍, മലേഷ്യ എന്നിവിടങ്ങളിലെ വസ്തുവകകള്‍ എന്നിവ വാങ്ങാന്‍ എവിടെനിന്നാണു പണം ലഭിച്ചത്?
ബാക്കി ചോദ്യങ്ങളൊക്കെയും ഐ.എന്‍.എക്‌സ് മീഡിയയെക്കുറിച്ചും കടലാസ് കമ്പനികളെക്കുറിച്ചുമായിരുന്നു.
രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്നു രാവിലെ എട്ടുമണിക്കാണു തുടങ്ങിയത്. എന്നാല്‍ അതിലും കൃത്യമായ ഉത്തരങ്ങളായിരുന്നില്ല ചിദംബരം നല്‍കിയതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നായിരുന്നു ഇന്നലെ പി.ചിദംബരം അറസ്റ്റിലായത്. ഐ.എന്‍.എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.