ന്യൂദല്‍ഹി: നാടകീയമായായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ അറസ്റ്റ്. അതുപോലെ തന്നെയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് സി.ബി.ഐ അനുവര്‍ത്തിച്ച നടപടിക്രമങ്ങളും.
ഇന്ത്യാ ടുഡേയാണ് ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്തതു സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സി.ബി.ഐയിലെ ഒരുന്നത ഉദ്യോഗസ്ഥനെ പേരെടുത്തു പറയാതെ ഉദ്ധരിച്ചായിരുന്നു ഇത്.
അര്‍ധരാത്രി 12 മണിക്കാരംഭിച്ച ചോദ്യം ചെയ്യലില്‍ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സി.ബി.ഐ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ലയും അതിലുണ്ടായിരുന്നു.
ദ്വയാര്‍ഥം വരുന്നതും വ്യക്തമാകാത്തതുമായിരുന്നു ചിദംബരത്തിന്റെ ഉത്തരങ്ങളില്‍ ഭൂരിഭാഗവും. പലതിനും അദ്ദേഹം മറുപടി പറഞ്ഞുമില്ല.
ചോദ്യം ചെയ്യുന്നതിനു മുന്‍പുതന്നെ അദ്ദേഹത്തിനു വൈദ്യ പരിശോധന നടത്തിയിരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ സി.ബി.ഐ ആസ്ഥാനത്തെത്തിയായിരുന്നു പരിശോധന.
പിന്നീട് ചോദ്യം ചെയ്യലിനു മുന്‍പ് അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ ഭക്ഷണം നല്‍കാന്‍ തയ്യാറായെങ്കിലും വിസ്സമ്മതിച്ചു. പിന്നീട് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 20 ചോദ്യങ്ങളായിരുന്നു സി.ബി.ഐയുടെ പക്കലുണ്ടായിരുന്നത്.
അതില്‍ ചില ചോദ്യങ്ങള്‍ ഇങ്ങനെയാണ്:
1) ഇന്ദ്രാണി മുഖര്‍ജി, അവരുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവരെ എങ്ങനെയാണു പരിചയം?
2) ഇന്ദ്രാണിയോടൊപ്പം ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ താങ്കളെ കാണാന്‍ വന്നിരുന്നോ? അല്ലെങ്കില്‍ എവിടെയെങ്കിലും നടന്ന പണമിടപാടില്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കു പങ്കുണ്ടായിരുന്നോ?
രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ ഇന്നു രാവിലെ എട്ടുമണിക്കാണു തുടങ്ങിയത്. എന്നാല്‍ അതിലും കൃത്യമായ ഉത്തരങ്ങളായിരുന്നില്ല ചിദംബരം നല്‍കിയതെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.