തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധശ്രമത്തിന്റെ ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും.
സമാനമായ കേസുകളില്‍ നേരത്തെ വിശദമായി അന്വേഷണം നടത്തിയതിനാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമാനമായ രണ്ട് പരാതികളിലായിരുന്നു നേരത്തെ അന്വേഷണം നടന്നിരുന്നത്. സമാന സാഹചര്യത്തിലാണ് എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
ജസ്റ്റിസ് കമാല്‍പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. അതേസമയം ഇന്ന് പരിഗണിക്കാനിരുന്ന കേസ് ഹൈക്കോടതി ഫെബ്രുവരി 14 ലേക്ക് മാറ്റിയിരിക്കുകയാണ്. കെ.കെ.രമയുടെ അഭിഭാഷകന്റെ അപേക്ഷയിലാണ് കേസ് മാറ്റിയത്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച കോടതി നിയമപരമായി ചില വ്യക്തതകള്‍ ഇതില്‍ വേണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.