രണ്ടാം മാറാട് കേസ്: സി.ബി.ഐ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്
Kerala
രണ്ടാം മാറാട് കേസ്: സി.ബി.ഐ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th September 2012, 12:12 am

തിരുവനന്തപുരം: രണ്ടാം മാറാട് കലാപത്തിലെ ഗൂഢാലോചന സംബന്ധിച്ച്‌ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. മുസ്‌ലീം ലീഗിന്റെ ആവശ്യപ്രകാരമാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.[]

രണ്ടാം മാറാട് കേസില്‍ ഗൂഢാലോചന നടന്നതായുള്ള കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ലീഗ് ആവശ്യപ്പെട്ടത്. മുസ്‌ലീം ലീഗിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പാര്‍ട്ടി നിലപാട് നേതാക്കള്‍ യു.ഡി.എഫ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള കത്ത് യു.ഡി.എഫ്. നേതൃത്വത്തിന് കൈമാറി. അത് അംഗീകരിച്ചുകൊണ്ട് ഐകകണ്‌ഠേനയാണ് യു.ഡി.എഫ്. തീരുമാനം കൈക്കൊണ്ടത്.

മാറാട് കൂട്ടക്കൊല സംബന്ധിച്ച് അന്വേഷിച്ച തോമസ് പി. ജോസഫ് കമ്മിഷനും ഇതിലെ ഗൂഢാലോചന സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുറത്തുനിന്നുള്ള കക്ഷികള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ സി.ബി.ഐ. അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയുള്ളുവെന്നായിരുന്നു കമ്മിഷന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഇടതുസര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് പലതവണ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും അതൊക്കെ തള്ളിക്കളയുകയായിരുന്നു. ഇത് മുസ്‌ലീം ലീഗിന്റെ സമ്മര്‍ദം കൊണ്ടാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് തന്നെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി.

എമേര്‍ജിങ് കേരളക്ക് യു.ഡി.എഫിന്റെ പൂര്‍ണ പിന്തുണയും അംഗീകാരവും നല്‍കാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം അനാവശ്യമാണ്. ഇത് രോഗികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് അവര്‍ സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രലേഖകരോട് പറഞ്ഞു.