| Wednesday, 11th October 2023, 1:21 pm

ന്യൂസ്‌ക്ലിക്ക് കേസിലേക്ക് സി.ബി.ഐയും; ഓഫീസിലും എഡിറ്ററുടെ വീട്ടിലും പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് ഫണ്ട് സ്വീകരിച്ചെന്ന കേസില്‍ ന്യൂസ് ക്ലിക്കിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ. ബുധനാഴ്ച ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുരകായസ്തയെയും എച്ച്.ആര്‍ വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയെയും 10 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് സംഭവം.

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി. പുരകായസ്തയുടെ വീട്ടിലും ന്യൂസ് ക്ലിക്ക് ഓഫീസിലുമാണ് ബുധനാഴ്ച രാവിലെ സി.ബി.ഐ പരിശോധന നടത്തിയത്.

ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും, 2019 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്‌സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമാണ് എഫ്.ഐ.ആര്‍. ഒക്ടോബര്‍ 3 ന് പുരകായസ്തയെ അറസ്റ്റ് ചെയ്യുകയും ന്യൂസ് ക്ലിക്ക് ഓഫീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 88 ഇടങ്ങളില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ടോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുരകായസ്തയെയും എച്ച്.ആര്‍ വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയെയും 10 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ച് ചൈനീസ് അനുകൂല പ്രചരണം നടത്തിയെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികളെ 10 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയിയില്‍ വിട്ടു തരണമെന്നായിരുന്നു അഡീഷണല്‍ സെഷന്‍ ജഡ്ജ് മുന്‍പാകെ ദല്‍ഹി പൊലീസ് ആവശ്യപ്പെട്ടത് . എന്നാല്‍ ഇതിനെ പുര്‍കാസ്തയുടെ വക്കീലായ അര്‍ഷദീപ് ഖുറാന ശക്തമായി എതിര്‍ത്തു. എപ്രകാരമാണ് പത്രവര്‍ത്തകനായ തന്റെ കക്ഷിയുടെ നിര്‍ണായകവും നിക്ഷ്പക്ഷവുമായ പത്രപ്രവര്‍ത്തനം സര്‍ക്കാറിന് നിയമവിരുദ്ധമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

പൊതുമധ്യത്തിലാണ് തന്റെ കക്ഷി മാധ്യമ പ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. ബോംബോ, ഡൈനാമേറ്റോ പോലുള്ള യാതൊരു സ്‌ഫോടക വസ്തുക്കളും അദ്ദേഹം ഉപയോഗിച്ചതായി ആരോപണങ്ങളില്ല, പിന്നെന്തിനാണ് തീവ്രവാദ നിയമത്തിലെ 16, 17, 18 യു.എ.പി.എ ആക്ട്്, ഖുറാന ചോദിച്ചു.
എഫ്.ഐ.ആര്‍ ‘അസംബന്ധ’മാണ്. പൊലീസ് ആരോപിച്ച പോലെ ചൈനയില്‍ നിന്നും ഒരണ പോലും വന്നിട്ടില്ല. അരുണാചലും കശ്മീരുമില്ലാത്ത ഒരു ഭൂപടവും ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോപണ വിധേയനായ വ്യക്തി കേവലം സര്‍ക്കാറിനെ വിമര്‍ശിക്കുകയല്ല ചെയ്തതെന്നും ഇന്ത്യയുമായി ശത്രുതയിലുള്ള ഒരു രാജ്യത്തിന് അനുകൂലമായി പ്രചരണം നടത്തിയെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുകയാണെന്നും ഇതിന് പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുശേഷം ഇവരെ 10 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കൊണ്ട് കോടതി വിധി പ്രഖ്യാപിച്ചു.

content highlight:  CBI probe against news click

We use cookies to give you the best possible experience. Learn more