കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോയി. നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഉദ്യോഗസ്ഥരെ ആദ്യം പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്‌സ്പിയര്‍ സരനി സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
2013ലെ ബംഗാളിലെ റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.
ഇന്ന് പകല്‍ രാജീവിന് പിന്തുണയുമായി മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും നല്ല ഉദ്യോഗസ്ഥനാണ് കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെന്നും കഴിഞ്ഞ കുറേ നാളുകള്‍ക്കിടെ ഒരു ദിവസം മാത്രമാണ് അദ്ദേഹം അവധിയിലായതെന്നും മമത ട്വീറ്റ് ചെയ്തിരുന്നു. രാജീവ് ഒളിവിലാണെന്നുള്ള ആരോപണത്തെ പ്രതിരോധിച്ചായിരുന്നു മമതയുടെ ട്വീറ്റ്.