| Friday, 6th August 2021, 3:39 pm

സി.ബി.ഐയോ മറ്റുള്ളവരോ ഒന്നും ചെയ്യുന്നില്ല; ജഡ്ജിമാര്‍ നേരിടുന്ന സുരക്ഷാഭീഷണിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് ജഡ്ജിമാര്‍ നേരിടുന്ന ഭീഷണികളില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ സി.ബി.ഐയോ മറ്റു അന്വേഷണ ഏജന്‍സികളോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എന്‍.വി. രമണ പറഞ്ഞു.

ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

‘ആരും ഒരു സഹായവും ചെയ്യാറില്ല. ജഡ്ജിമാര്‍ പരാതിയുമായി ചെല്ലുമ്പോഴുള്ള സി.ബി.ഐയുടെ പെരുമാറ്റത്തിലും പ്രതികരണത്തിലും ഒരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.

വലിയ ആളുകള്‍ ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്ക് അനുകൂലമായ വിധിയുണ്ടായില്ലെങ്കില്‍ കോടതിയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കാറുണ്ട്. ഗുണ്ടാസംഘങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഭീഷണി നിറഞ്ഞ മെസേജുകള്‍ അയക്കുകയും മാനസികമായി ജഡ്ജുമാരെ പീഡിപ്പിക്കുകയുമാണ്,’ ജസ്റ്റിസ് പറഞ്ഞു.

ജൂലൈ 28നായിരുന്നു ജസ്റ്റിസ് ഉത്തം ആനന്ദ് കൊല്ലപ്പെട്ടത്. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്.

‘ഇത്രയും ചെറുപ്പത്തില്‍ ഒരു ജഡ്ജിക്ക് തന്റെ ജീവന്‍ നഷ്ടമായത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ധന്‍ബാദ് കല്‍ക്കരി മാഫിയയുടെ സ്ഥലമാണ്. എന്നിട്ടും സര്‍ക്കാര്‍ സുരക്ഷയൊരുക്കാന്‍ ഒന്നും തന്നെ ചെയ്തില്ല. സര്‍ക്കാര്‍ ജഡ്ജിമാര്‍ക്ക് സുരക്ഷ നല്‍കിയേ മതിയാകൂ,’ എന്‍.വി രമണ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: CBI, Others “Don’t Help At All”: Chief Justice On Threats To Judges

We use cookies to give you the best possible experience. Learn more