ലോക്പാല്‍: നിയമ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ
India
ലോക്പാല്‍: നിയമ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2014, 12:50 am

[] ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ രൂപീകരണ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചതിനിടെ നിയമവ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്തെത്തി.

വ്യവസ്ഥകളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സര്‍ക്കാറിന് കത്തയച്ചു.

അഴിമതിക്കേസുകളിലോ തെളിവുകളില്‍ കൃത്രിമം കാണിച്ചുവെന്നതിനോ ഏതെങ്കിലും സി.ബി.ഐ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ സി.ബി.ഐയ്ക്ക് അധികാരങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതി ഇപ്പോഴുണ്ട്. ഒരാളുടെ തെറ്റിന് അന്വേഷണ ഏജന്‍സി പൊതുവായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയാണിതെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്പാല്‍ നിയമത്തിലെ 38ാം വകുപ്പാണ് സി.ബി.ഐ ചോദ്യം ചെയ്യുന്നത്.

ലോക്പാല്‍ നിയമപ്രകാരം സി.ബി.ഐയ്ക്കു മേല്‍ ലോക്പാലിന് അധികാരമുണ്ട്. അഴിമതി സംബന്ധിച്ച പരാതികളില്‍ പ്രാഥമിക അന്വേഷണത്തിനും തുടരന്വേഷണത്തിനും നിര്‍ദേശിക്കാം.

ഈ കേസുകളിലെ മേല്‍നോട്ട ചുമതല ലോക്പാലിനാണ്. ഒരു വിഷയത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ലോക്പാലും നിര്‍ദേശം നല്‍കുന്ന ഘട്ടമുണ്ടായാല്‍ ആരുടെ നിര്‍ദേശം അനുസരിക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും രഞ്ജിത് സിന്‍ഹ കത്തില്‍ ചൂണ്ടിക്കാട്ടി.