| Thursday, 26th September 2019, 12:50 pm

സി.ബി.ഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതി അന്വേഷണം വഴിമുട്ടുന്നു?; സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി അന്വേഷണ ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി സി.ബി.ഐ ഉദ്യോഗസ്ഥന്‍ സതിഷ് ഡാഗര്‍. സി.ബി.ഐ മുന്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സതീഷ് ഡാഗര്‍.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയതെന്നാണ് സി.ബി.ഐ വക്താവ് പറയുന്നത്. ആഗസ്റ്റ് 19നാണ് ഡാഗര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയത്. 1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വ്വീസ് പെന്‍ഷന്‍ നിയമത്തിലെ 48ാം റൂള്‍ പ്രകാരം സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുന്ന സി.ബി.ഐ ഓഫീസര്‍ മൂന്നുമാസത്തെ നോട്ടീസ് പീരിഡില്‍ കൂടി ജോലി ചെയ്യണം.

അസ്താനയുടെ കേസില്‍ നാലുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മെയ് 31ന് ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതുകൊണ്ടുതന്നെ ഡാഗറിന്റെ വിരമിക്കല്‍ അപേക്ഷ സി.ബി.ഐയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഒക്ടോബറിലാണ് മുന്‍ സി.ബി.ഐ ഡയറക്ടര്‍ എം. നാഗേശ്വര റാവു ഡാഗറിനെ അസ്താനയുടെ കേസ് അന്വേഷണ സംഘത്തിന്റെ തലവനാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ റാവുവിനെ സി.ബി.ഐയില്‍ നിന്ന് പുറത്താക്കുകയും സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡില്‍ ഡയറക്ടര്‍ ജനറലാക്കി നിയമിക്കുകയും ചെയ്തു.

ദേര സച്ചാ സൗധാ മേധാവി ഗുര്‍മീത് റാം റഹിം സിങ്ങിനെതിരെയാ കേസ് അന്വേഷിച്ചത് ഡാഗര്‍ ആയിരുന്നു. രണ്ട് അനുയായികളെ ലൈംഗികമായി ആക്രമിക്കുകയും സിര്‍സയിലെ മാധ്യമപ്രവര്‍ത്തകനെ കൊല്ലാന്‍ ഉത്തരവിടുകയും ചെയ്ത കേസില്‍ റോഷ്തക്കിലെ ജയിലില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത് ഇപ്പോള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വ്യവസായി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും തന്നെ ഒഴിവാക്കാനായി രാകേഷ് അസ്താനയ്ക്ക് കൈക്കൂലി നല്‍കി എന്ന ഹൈദരാബാദിലെ വ്യവസായി സതീഷ് ബാബു സനയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്താനയ്ക്കെതിരെ കേസെടുത്തത്..

നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അസ്താനയ്ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങിയ അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മോദി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പുറത്താക്കിയിരുന്നു. അലോക് വര്‍മ്മയ്ക്കതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ തെളിവ് ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി. കമ്മിറ്റിയില്‍ അംഗമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വര്‍മ്മയെ പുറത്താക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more