| Friday, 16th March 2012, 8:58 am

സഹപ്രവര്‍ത്തകര്‍ തന്നെ ചതിക്കുഴിയില്‍പ്പെടുത്തി: സി.ബി.ഐ ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആത്മഹത്യയ്ക്ക് പിന്നില്‍ തന്റെ സഹപ്രവര്‍ത്തകരാണെന്ന് ചൂണ്ടിക്കാട്ടി ഹരിദത്തിന്റെ ആത്മഹത്യാക്കുറിപ്പ്. രണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍ബന്ധിച്ച് എല്ലാം ചെയ്യിച്ച് ചതിക്കുഴിയില്‍പ്പെടുത്തിയെന്ന് ഹരിദത്ത് പറയുന്നു. പോലീസ് കണ്ടെടുത്ത ഹരിദത്തിന്റേതെന്ന് സംശയിക്കുന്ന ആത്മഹത്യക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. ശ്രീകുമാറിനും ഒരു മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് തന്റെ ആത്മഹത്യയില്‍ പങ്കുള്ളതായി ഹരിദത്ത് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ചില കാര്യങ്ങള്‍ ചെയ്യാന്‍ മജിസ്േ്രട ഒരുപാട് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പിയായിരുന്നു ഹരിദത്ത്. കുറച്ചുദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു സമ്പത്ത്. സമ്പത്ത് കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് ഹരിദത്ത് കടുത്ത സമ്മര്‍ദ്ദവും ഭീഷണിയും നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരെ വധഭീഷണിയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഹരിദത്തിന് സായുധ പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഫിബ്രവരിയിലാണ് സമ്പത്ത് കേസിലെ പ്രതിപ്പട്ടിക പ്രഥമ വിവര റിപ്പോര്‍ട്ടിനോടൊപ്പം ഹരിദത്ത് എറണാകുളം സി.ജെ.എം കോടതിയില്‍ ഹയല്‍ ചെയ്തത്. അഡീഷണല്‍ ഡി.ജി.പി മുഹമ്മദ് യാസിന്‍, പാലക്കാട് മുന്‍ എസ്.പി വിജയ്‌സാഖറെ എന്നിവരെയും ഏതാനും പോലീസ് ഉദ്യോഗസ്ഥരെയും പ്രതികളാക്കിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തുനിന്ന് നീക്കാന്‍ തന്റെ മേല്‍ പോലീസ് ഉന്നതരുടെ സമ്മര്‍ദം ഉണ്ടായതായി ഹരിദത്ത് ആരോപിച്ചിരുന്നു.

ഇതിന്റെ തുടര്‍ച്ചയെന്നോണം സി.ബി.ഐയില്‍ തന്നെയുള്ള ഉന്നതര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും വധിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഹരിദത്ത് സി.ജെ.എം കോടതിയില്‍ ഹര്‍ജി നല്‍കി. അദ്ദേഹത്തിന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സിആര്‍പിയുടെ സംരക്ഷണം നല്‍കിക്കൊണ്ട് സിജെഎം കോടതി ഉത്തരവിട്ടു. സമ്മര്‍ദ്ദത്തെ കുറിച്ച് ഹൈക്കോടതിയിലും ഹരിദത്ത് പരാതിപ്പെട്ടിരുന്നു. മേലുദ്യോഗസ്ഥരുടെ സ്വാധീനമില്ലാതെ കേസ് അന്വേഷിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആരെങ്കിലും അന്വേഷണത്തില്‍ ഇടപെട്ടാല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മുഹമ്മദ് യാസിനേയും വിജയ് സാഖറെയേയും അറസ്റ്റ് ചെയ്യാന്‍ ഹരിദത്ത് സിജെഎം കോടതിയില്‍ നിന്ന് അറസ്റ്റ്‌വാറണ്ട് വരെ നേടിയിരുന്നു. എന്നാല്‍ പിന്നീട്  ഐ.പി.എസ് ഉന്നതരെ അറസ്റ്റ് ചെയ്യാതെ വാറണ്ട് കോടതിക്ക് തിരിച്ചു നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി അവരെ തക്കസമയത്ത് അറസ്റ്റുചെയ്യുമെന്ന് പറഞ്ഞ് അന്വേഷണ സംഘം പിന്മാറി. കേസ് പിന്നീട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിച്ചപ്പോള്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സി.ബി.ഐ നിലപാടെടുത്തു. ഇതോടെ സി.ബി.ഐ ്അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന ആക്ഷേപമുയര്‍ന്നിരുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ക്ക് പോയിരുന്ന ഹരിദത്ത് ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. നിഷയാണ് ഹരിദത്തിന്റെ ഭാര്യ. തൃശ്ശൂര്‍ കാര്‍ഷിക കോളേജ് വിദ്യാര്‍ഥി നന്ദഗോപാല്‍ മകനാണ്.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more