കൊല്‍ക്കത്ത: ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സി.ബി.ഐ. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയാണ് സി.ബി.ഐ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിജിത് സര്‍കാരിന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നവര്‍ക്കാണ് പാരിതോഷികം. സി.ബി.ഐ ഉദ്യോഗസ്ഥന്‍ അഖിലേഷ് കുമാര്‍ സിംഗ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”ഒളിവില്‍ പോയ അഞ്ച് പേരെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ സി.ബി.ഐക്ക് നല്‍കുകയാണെങ്കില്‍ ക്യാഷ് റിവാര്‍ഡ് ലഭിക്കും. വിവരം തരുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും,” ഔദ്യോഗികമായി നല്‍കിയ പരസ്യത്തില്‍ സി.ബി.ഐ വ്യക്തമാക്കി.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകനായ അഭിജിത് സര്‍കാര്‍ തെരഞ്ഞെടുപ്പ് സമയത്തെ അക്രമസംഭവങ്ങളിലായിരുന്നു കൊല്ലപ്പെട്ടത്.
ബംഗാള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. എന്നാല്‍ ഇതുവരെയായിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
”അമിത് ദാസ് എന്ന കീടോ, തുംപ ദാസ് എന്ന കലി, അരൂപ് ദാസ് എന്ന ബാപി, സഞ്ജയ് ബാരി, പാപിയ ബാരിക് എന്നിവരാണ് അഭിജിത് സര്‍കാരിന്റെ കൊലപാതകക്കേസിലെ പ്രതികള്‍.
എല്ലാവരും കൊല്‍ക്കത്ത സ്വദേശികളാണ്. പ്രതികള്‍ എല്ലാവരുടെ പേരിലും 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്,” അഖിലേഷ് കുമാര്‍ സിംഗ് എ.എന്‍.ഐയോട് പ്രതികരിച്ചു.
പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ സി.ബി.ഐയുടെ കൊല്‍ക്കത്തയിലെ സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് ഓഫീസിനെ സമീപിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടന്ന അക്രമസംഭവങ്ങളിലായിരുന്നു അഭിജിത് സര്‍കാര്‍ കൊല്ലപ്പെട്ടത്.
Content Highlight: CBI Offers 50,000 rupees Cash Prize For Missing Accused In BJP Worker’s Murder