തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ ഭാര്യക്ക് സി.ബി.ഐ. നോട്ടീസ്; അമിത് ഷായെ കോടതി കയറ്റിയാൽ സി.ബി.ഐ വീട്ടിലെത്തുമെന്ന് പ്രശാന്ത് ഭൂഷൺ
national news
തൃണമൂൽ എം.പി അഭിഷേക് ബാനർജിയുടെ ഭാര്യക്ക് സി.ബി.ഐ. നോട്ടീസ്; അമിത് ഷായെ കോടതി കയറ്റിയാൽ സി.ബി.ഐ വീട്ടിലെത്തുമെന്ന് പ്രശാന്ത് ഭൂഷൺ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st February 2021, 6:02 pm

ന്യൂദൽഹി: തൃണമൂൽ കോൺ​ഗ്രസ് എം.പി അഭിഷേക് ബാനർജിയുടെ ഭാര്യയ്ക്കെതിരെ സി.ബി.ഐ നോട്ടീസ്. ഞായറാഴ്ചയാണ് സി.ബി.ഐ ഉദ്യോ​ഗസ്ഥർ അഭിഷേക് ബാനർജിയുടെ ഭാര്യ രുചിറ ബാനർജിക്ക് നോട്ടീസ് കൈമാറാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

കൽക്കരി അഴിമതികേസിലാണ് നോട്ടീസെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. സി.ബി.ഐ നോട്ടീസ് പ​ങ്കുവെച്ചുകൊണ്ട് വിഷയത്തിൽ പ്രതികരണവുമായി അഭിഷേക് ബാനർജി എത്തിയിരുന്നു. ഭീഷണിപ്പെടുത്തി തങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഞങ്ങൾക്ക് നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. എന്നിരുന്നാലും ​ഗൂഢാലോചനയിലൂടെ ഭീഷണിപ്പെടുത്താമെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റി. പേടിപ്പിച്ച് നിർത്താൻ പറ്റുന്നവരല്ല ഞങ്ങൾ,” അഭിഷേക് ബാനർജി പറഞ്ഞു.

അഭിഷേകിന്റെ ഭാര്യയ്ക്ക് സി.ബി.ഐ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണും രം​ഗത്ത് വന്നു.
”ഫെബ്രുവരി 19 ന് കൊൽക്കത്ത കോടതി അമിത് ഷായ്ക്കെതിരെ സമൻസ് അയച്ചിരുന്നു. 2018ൽ ഒരു റാലിയിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെ അഭിഷേക് ബാനർജി കൊടുത്ത കേസിലായിരുന്നു കോടതി സമൻസ് അയച്ചത്. ഫെബ്രുവരി 22 ന് അമിത് ഷായോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കോടതിയിൽ എത്താനായിരുന്നു ആവശ്യപ്പെട്ടത്. ഇപ്പോൾ സി.ബി.ഐ അഭിഷേക് ബാനർജിയുടെ വീട്ടിലെത്തിയിരിക്കുന്നു,” എന്നാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

പശ്ചിമ ബം​ഗാളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി നേതാക്കളെല്ലാം പ്രചരണ പ്രവർത്തനങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ഇതിനിടയിൽ തൃണമൂലിന്റെ പ്രധാന നേതാവായ അഭിഷേക് ബാനർജിയുടെ ഭാര്യയ്ക്കെതിരെ സി.ബി.ഐ കേസെടുത്താൽ തൃണമൂലിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി ബി.ജെ.പി അത് ഉപയോ​ഗിക്കുമെന്നും നിരീഷണങ്ങളുണ്ട്. ഇതിനോടകം നിരവധി തൃണമൂൽ നേതാക്കൾ ബി.ജെ.പിയിലേക്ക് പോയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CBI Notice against Trinamool Congress Leader Abhishek Banarjee’s Wife