| Wednesday, 17th May 2023, 8:58 pm

ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച സംഭവം; സമീര്‍ വാങ്കഡെക്ക് നോട്ടീസ് അയച്ച് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ ഷാരൂഖ് ഖാനില്‍ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ച് സി.ബി.ഐ. വ്യാഴാഴ്ച സി.ബി.ഐയുടെ മുംബൈ ഓഫീസില്‍ ഹാജരാകാനാണ് സി.ബി.ഐ സമന്‍സ് അയച്ചിരിക്കുന്നത്.

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ വ്യാജ ലഹരിക്കടത്ത് കേസില്‍ ഷാരൂഖില്‍ നിന്നും
സമീര്‍ വാങ്കഡെ 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചതായുള്ള എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം തട്ടാനായിരുന്നു വാങ്കഡെയുടെ നീക്കമെന്ന് സി.ബി.ഐ. പ്രാഥമിക എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സാക്ഷിയായ കിരണ്‍ ഗോസാവിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

ആര്യനെ മുംബൈയിലെ ആഡംബര കപ്പലില്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ നിന്നും രക്ഷിക്കാമെന്ന പേരിലാണ് വാങ്കഡെ ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചത്. ഇതിനായി സാക്ഷിയായിരുന്ന കിരണ്‍ ഗോസാവിക്ക് ഒപ്പം ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. 18 ലക്ഷം രൂപയോളം തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് സമീര്‍ വാങ്കഡെക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സോണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു. ആദ്യഘട്ടത്തില്‍ എന്‍.സി.ബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് സി.ബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സമീറിന്റെ മുംബൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

2021 ഒക്ടോബര്‍ രണ്ടിനാണ് മുംബൈ തീരത്തെ ആഡംബര കപ്പലില്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. കപ്പലില്‍ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നു. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേരെയായിരുന്നു കസ്റ്റഡിയില്‍ എടുത്തിരുന്നത്.

Contenthighlight: CBI issue summons to sameer wanghede

We use cookies to give you the best possible experience. Learn more