ന്യൂദല്‍ഹി: പുല്‍വാമ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് മോദിസര്‍ക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് നോട്ടീസയച്ച് സി.ബി.ഐ. റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഈ മാസം 28ന് ദല്‍ഹിയിലെ സി.ബി.ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകാനാണ് നോട്ടീസയച്ചിരിക്കുന്നത്.
അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സി.ബി.ഐ വിളിപ്പിച്ചതെന്നാണ് നോട്ടീസില്‍ സത്യപാല്‍ മാലിക്കിന്റെ പ്രതികരണം.
എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സത്യപാലിനെ വേട്ടയാടാനായി മോദി സര്‍ക്കാര്‍ സി.ബി.ഐയെ രംഗത്തിറക്കിയിരിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.
‘രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരമ പ്രാധാന്യമുള്ള വിഷയത്തില്‍ സത്യപാല്‍ മാലിക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന് പകരം, പ്രതീക്ഷിച്ചത് പോലെ മോദി സര്‍ക്കാര്‍ സി.ബി.ഐയെ രംഗത്തിറക്കിയിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്ന് കയറ്റവും രാജ്യത്തിനാകെ അപമാനവുമാണ്,’ സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.
ദി വയറിന് നല്‍കിയ അഭിമുഖത്തിനിടെയാണ് 2019ലെ പുല്‍വാമ ഭീകരാക്രമണക്കേസില്‍ മോദി സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബി.ജെ.പി വക്താവ് കൂടിയായ സത്യപാല്‍ മാലിക് രംഗത്തെത്തിയത്.
സി.ആര്‍.പി.എഫ് എയര്‍ക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും ആഭ്യന്തര മന്ത്രാലയം നിഷേധിച്ചെന്നും വീഴ്ച്ച പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോള്‍ തന്നോട് മിണ്ടാതിരിക്കാനാണ് അദ്ദേഹം പറഞ്ഞതെന്നും മാലിക് വെളിപ്പെടുത്തിയിരുന്നു.
2019 കാലത്ത് രാജ്യ സുരക്ഷ ഉപദേഷ്ടാവായിരുന്ന അജിത് ഡോവലും വിഷയം മൂടിവെക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും ആക്രമണത്തെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിച്ചെന്നും സത്യപാല്‍ പറഞ്ഞിരുന്നു. കൂട്ടത്തില്‍ നരേന്ദ്ര മോദിക്ക് രാജ്യത്ത് നടക്കുന്ന അഴിമതിയോട് വിമുഖതയുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.\
സത്യപാലിന്റെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ മുന്‍ കരസേനാ മേധാവിയും പുല്‍വാമയിലെ 40 ജവാന്‍മാരുടെ മരണത്തില്‍ പ്രാഥമിക ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിനാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ദുരന്തത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിഷയം ചര്‍ച്ചയായതിന് പിന്നാലെ മോദി സര്‍ക്കാരിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
Content Highlight: CBI issue notice on sathyapal malik