| Thursday, 4th January 2024, 10:15 pm

മത തീവ്രവാദവുമായി ബന്ധമില്ല, മരണപ്പെട്ടതായി കണ്ടെത്തിയിട്ടില്ല; ജസ്ന തിരോധനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്ന തിരോധനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സി.ബി.ഐ. തിരോധാനത്തില്‍ മത തീവ്രവാദവുമായി യാതൊരു വിധത്തിലുള്ള ബന്ധങ്ങളില്ലെന്നും ജസ്ന മരിച്ചതായി ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.

ജസ്‌നയുടെ അച്ഛനെയും സുഹൃത്തിനെയും നുണപരിശോധന നടത്തിയതില്‍ നിന്ന് ഇതുസംബന്ധിച്ച തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ട് പറയുന്നു. ജസ്ന സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നും കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ആത്മഹത്യാ പോയിന്റുകളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ഒന്നും അറിയാന്‍ സാധിച്ചില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

ജസ്‌നയുടെ തിരോധാനത്തില്‍ താത്കാലികമായി അന്വേഷണം നിര്‍ത്തിവെച്ച സി.ബി.ഐ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നപക്ഷം അന്വേഷണം പുനരാരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പരാതിയിയുണ്ടങ്കില്‍ ജസ്‌നയുടെ പിതാവ് നിയമപരമായി അറിയിക്കണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി നോട്ടീസ് അയച്ചു. ഇതുസംബന്ധിച്ച കേസ് ഈ മാസം 19ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

2018 മാര്‍ച്ച് 22നാണ് ജസ്നയെ കാണാതാകുന്നത്. തിരോധാനത്തില്‍ ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും നടത്തിയ അന്വേഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.

Content Highlight: CBI has released more information in Jasna disappearance case

We use cookies to give you the best possible experience. Learn more