മലപ്പുറം: താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. ഇന്ന് പുലര്‍ച്ചയോടെ പ്രതികളുടെ വീട്ടിലെത്തിയാണ് സി.ബി.ഐ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒന്നാം പ്രതി സീനിയര്‍ സി.പി.ഒ ജിനേഷ്, രണ്ടാം പ്രതി സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സി.പി.ഒ അഭിമന്യു, നാലാം പ്രതി സി.പി.ഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷമാണ് കസ്റ്റഡിയിലിരിക്കെ തിരൂരങ്ങാടി സ്വദേശിയായ താമിര്‍ ജിഫ്രി മരിച്ചത്.
താമിര്‍ ജിഫ്രി ഉള്‍പ്പെടെയുള്ള അഞ്ചുപേരെ ലഹരി മരുന്ന് കേസിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ വിവരമറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചുവെന്നുമാണ് പൊലീസ് വിശദീകരിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിന് ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം അന്ന് ഉയര്‍ന്നിരുന്നു. താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബത്തില്‍ നിന്ന് ആരോപണം ഉയര്‍ന്നതോടെ മനുഷ്യാവകാശ കമ്മീഷനും കേസില്‍ ഇടപ്പെട്ടിരുന്നു.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നിന്ന് എം.ഡി.എം.എ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. എഫ്.എസ്.എല്‍ റിപ്പോര്‍ട്ടില്‍ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിന്‍ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Content Highlight: CBI has arrested the accused policemen in the custody death of Tamir Geoffrey in Tanur