തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി സി.ബി.ഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചീറ്റ് നല്‍കിയതോടെയാണ് കേസിലെ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരായത്.
കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
ഉമ്മന്‍ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലിന്‍ ചീറ്റ് നല്‍കിയത് സംബന്ധിച്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നത്.
ഉമ്മന്‍ ചാണ്ടിക്കെതിരായ കേസില്‍ വസ്തുതകളില്ലാത്ത ആരോപണമാണെന്നാണെന്ന് കണ്ടെത്തിയ സി.ബി.ഐ, അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണത്തില്‍ തെളിവുകളില്ലെന്ന് കോടതിയെ അറിയിച്ചു.
ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാൽ ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നെന്ന് സി.ബി.ഐ അറിയിച്ചു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍വെച്ച് അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്.
സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു പീഡന പരാതി ഉയര്‍ന്നുവന്നിരുന്നത്. ആദ്യം ക്രൈംബ്രാഞ്ചായിരുന്നു കേസ് നടത്തിയിരുന്നത്. പീന്നാട് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Content Highlight: CBI gave a clean chit to all the accused in the solar harassment case