സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്കും പേരും പുറത്ത്
Film News
സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്കും പേരും പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th February 2022, 5:16 pm

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘സി.ബി.ഐ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. കുറി തൊട്ട് പിന്നിലേക്ക് മുടി ചീകി വെച്ച് പഴയ ഇതുവരെ വന്ന സി.ബി.ഐ ചിത്രങ്ങളില്‍ നിന്നും മാറ്റമില്ലാതെയാണ് പുതിയ സി.ബി.ഐയിലും മമ്മൂട്ടി എത്തുന്നത്.

‘സി.ബി.ഐ. ദി ബ്രെയ്ന്‍’ എന്നാണ് അഞ്ചാം ഭാഗത്തിന്റെ പേര്. കെ. മധു തന്നെയാണ് ചിത്രത്തിന്റെ സംവിധാം. ലോകസിനിമയില്‍ ആദ്യമായാണ് ഒരേ നായകനെ വെച്ച് ഒരു സംവിധായകന്‍ തന്നെ ചിത്രങ്ങളുടെ സീരിസ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇതിനിടയില്‍ ചിത്രത്തിന്റെ തീം സോംഗുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശസ്തമായ തീം മ്യൂസികിന് പിന്നില്‍ എ.ആര്‍ റഹ്മാനാണ് എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

‘മമ്മൂട്ടി നാട്യങ്ങളില്ലാതെ നിറക്കൂട്ടുകളില്ലാതെ’ എന്ന രമേശ് പുതിയമഠം രചിച്ച പുസ്തകത്തിലൂടെ  തിരക്കഥാകൃത്ത്‌ എസ്.എന്‍. സ്വാമി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

തുടര്‍ന്ന് സി.ബി.ഐക്ക് ഈണം നല്‍കിയത് ശ്യാമായിരുന്നുവെന്നും സ്വന്തം കുഞ്ഞിന്റെ ജീവിതം മറ്റൊരാള്‍ക്ക് അടയറ വെക്കേണ്ടി വന്നതിന്റെ ആത്മ സംഘര്‍ഷത്തിലാണ് ശ്യാമെന്നും സംഗീത നിരൂപകന്‍ രവി മേനോന്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.

അതേസമയം വിവാദങ്ങള്‍ അനാവശ്യമാണെന്നും ഇല്ലാക്കഥകള്‍ മെനയുകയാണെന്നും എസ്.എന്‍. സ്വാമി പ്രതികരിച്ചിരുന്നു.

അന്ന് ശ്യാമിന്റെ അസിസ്റ്റന്റായിരുന്നു റഹ്മാന്റെ കീബോര്‍ഡില്‍ തന്നെയായിരുന്നു ഞങ്ങളെ തീം മ്യൂസിക് വായിച്ചു കേള്‍പ്പിച്ചതെന്നും അതിനര്‍ത്ഥം തീംമ്യൂസിക് സൃഷ്ടിച്ചത് ദിലീപാണെന്നാണോ എന്നും എസ്.എന്‍ സ്വാമി ചോദിച്ചിരുന്നു.

സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്‍, രണ്‍ജി പണിക്കര്‍ സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ലോക സിനിമയില്‍ ആദ്യമായാണ് ഒരേ നായകനും, എഴുത്തുകാരനും, സംവിധായകനുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്നും, തങ്ങള്‍ ഒന്നിച്ചുള്ള മുന്നേറ്റം തുടരുകയാണെന്നുമായിരുന്നു സംവിധായകനായ കെ. മധു ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടിരുന്നത്.


Content Highlight: cbi first look poster and name out