| Tuesday, 4th September 2012, 9:00 am

കല്‍ക്കരി ഖനനം: അഞ്ച് കമ്പനികള്‍ക്കെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച വിവാദ സംഭവത്തില്‍ അഞ്ച് കമ്പനികള്‍ക്കും അതിന്റെ ഉടമസ്ഥര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും അഞ്ച് കമ്പനികള്‍ക്കെതിരെയാണ്‌ സി.ബി.ഐ കേസെടുത്തിരിക്കുന്നത്.[]

വിമ്മി അയണ്‍ ആന്‍ഡ് സ്റ്റീല്‍, നവ ഭാരത് സ്റ്റീല്‍ തുടങ്ങിയ അഞ്ച് കമ്പനികള്‍ക്കെതിരെയാണ് നടപടി. കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിനെയും കേസെടുത്തിട്ടുണ്ട്.

കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അറിയുന്നു.

അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ വ്യാപകമായ റെയ്ഡ് ആരംഭിച്ചു.  ദല്‍ഹി, മുംബൈ, നാഗ്പൂര്‍, ധന്‍ബാദ്, ഹൈദരാബാദ്, പാറ്റ്‌ന, കൊല്‍ക്കത്ത തുടങ്ങി പത്ത് നഗരങ്ങളിലായി മുപ്പതോളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. വ്യവസ്ഥകള്‍ ലംഘിച്ച് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ അനര്‍ഹമായ അനുകൂല്യം കണ്ടെത്തിയ പത്ത് കമ്പനികള്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്‌. വിവിധ ബാച്ചുകളിലായി കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള  നടപടിക്രമങ്ങളാണ് നടന്നുവരുന്നത്.

2006 – 2009 കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച വ്യവസ്ഥകള്‍ സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് മുഴുവന്‍ ഉടന്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നിന്നും പ്രതിപക്ഷം ഇതുവരെ പിന്നോട്ട് പോയിട്ടില്ല. സി.ബി.ഐയും ഐ.എം.ജിയും അന്വേഷണം നടത്തുന്നതിനാല്‍ ഖനനാനുമതി റദ്ദാക്കാനുള്ള നടപടിയെടുക്കില്ലെന്ന് കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജസ്വാല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ സി.ബി.ഐയുടെ നടപടി പ്രതിപക്ഷത്തെ തണുപ്പിക്കാന്‍ ഉപകരിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി മുന്നോട്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഇതുവരെ ഖനനം ആരംഭിക്കാത്ത അന്‍പതിലധികം കമ്പനികള്‍ ഇന്റീരിയര്‍ മിനിസ്റ്റീരിയല്‍ ഗ്രൂപ്പിന്റെ (ഐ.എം.ജി)യുടെ നിരീക്ഷണത്തിലാണ്. 2013ന് മുമ്പ് ഖനനം ആരംഭിച്ചില്ലെങ്കില്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കാനും പദ്ധതിയുണ്ട്. 1999-2004 ലെ എന്‍.ഡി.എ ഭരണകാലത്ത് അനുമതി ലഭിച്ച ഏഴ് കമ്പനികളും ഇതിലുള്‍പ്പെടും.

അഡീഷണല്‍ സെക്രട്ടറി സൊഹ്ര ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള ഐ.എം.ജി കല്‍ക്കരി ഖനനം വൈകാനുണ്ടായ കാരണം സംബന്ധിച്ച കമ്പനികളുടെ പ്രതികരണം തേടിയിട്ടുണ്ട്. റദ്ദാക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സെപ്റ്റംബര്‍ ആറ്, ഏഴ് തിയ്യതികളില്‍ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടക്കുകയും എട്ടിന് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും.

We use cookies to give you the best possible experience. Learn more