ചണ്ഡീഗഢ്: മനേസര്‍ ഭൂമി ഇടപാടില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്കെതിരെ കുറ്റപത്രവുമായി സി.ബി.ഐ. ഭൂപീന്ദര്‍ സിങ് ഉള്‍പ്പെടെ 34 പ്രതികള്‍ക്കെതിരെ പഞ്ച്കുള കോടതിയിലാണ് വെള്ളിയാഴ്ച സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢോലോചന, വഞ്ചന എന്നീ വകുപ്പുകളും അഴിമതി നിരോധന നിയമത്തിലെ മറ്റുവകുപ്പുകളും ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
2004 ആഗസ്ത് 27 മുതല്‍ 2007 ആഗസ്ത് 27 വരെയുള്ള കാലയളവില്‍ എ.ബി.ഡബ്ല്യു ബില്‍ഡേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനി ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കര്‍ഷകരില്‍ നിന്ന് 400 ഏക്കര്‍ ഭൂമി തുച്ഛമായ വിലക്ക് തട്ടിയെടുത്തുവെന്നതാണ് കേസ്. കമ്പനിയുടെ പ്രമോര്‍ട്ടര്‍മാരായ ചാറ്റര്‍ സിങ്, എസ്.എസ് ധില്ലോണ്‍, എം.എല്‍ തായല്‍, അതുല്‍ ബന്‍സാല്‍ എന്നിവരും പ്രതിപട്ടികയിലുണ്ട്.
ഗുഡ്ഗാവിലെ മനേസര്‍, നൗരംഗപുര്‍, ലഖ്‌നൗല ഗ്രാമങ്ങളില്‍ നിന്നാണ് ഭൂമി തട്ടിയെടുത്തത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചെറിയ വിലക്ക് ഭൂമി സ്വകാര്യ ബില്‍ഡര്‍മാര്‍ കൈക്കലാക്കുകയായിരുന്നു. 1600 കോടി വിപണി മൂല്യമുള്ള ഭൂമി 100 കോടി രൂപക്കാണ് അന്ന് ബില്‍ഡേഴ്‌സ് കൈവശപ്പെടുത്തിയത്.
2015 സെപ്തംബറിലാണ് സി.ബി.ഐ ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. 2004 മുതല്‍ 2014 വരെ ഹരിയാന മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവുകൂടിയായ ഹൂഡ.