മണിപ്പൂര്‍ കലാപത്തിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ച കേസ്; ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ
India
മണിപ്പൂര്‍ കലാപത്തിനിടെ ആയുധങ്ങള്‍ കൊള്ളയടിച്ച കേസ്; ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 1:04 pm

ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തിനിടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ (ഐ.ആര്‍.ബി) നിന്ന് തോക്കുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ. ഏഴ് പേര്‍ക്കെതിരെയാണ് ഗുവാഹത്തി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.

2023 ഓഗസ്റ്റ് 24ന് ബിഷ്ണുപൂരിലെ മൊയ്‌റാങ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. ബിഷ്ണുപുരിലെ നരന്‍സീനയിലെ ബറ്റാലിയന്‍ ആസ്ഥാനത്തിന്റെ രണ്ട് മുറികളില്‍ നിന്ന് 300ലധികം തോക്കുകളും 19,800 വെടിയുണ്ടകളും മറ്റ് 800-ാളം ആയുധങ്ങളുമാണ് പ്രതികള്‍ മോഷ്ടിച്ചത്.

സ്ത്രീകള്‍ക്കെതിരായ 19 അതിക്രമ കേസുകളുള്‍പ്പടെ മണിപ്പൂരിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട് 27 കേസുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. 2023 മെയിൽ ആരംഭിച്ച മണിപ്പൂർ കലാപത്തില്‍ ആകെ 219 പേരാണ് കൊല്ലപ്പെട്ടത്. ഒമ്പത് മാസത്തോളമായി മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്.

സംസ്ഥാനത്തിന് 800 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ബുധനാഴ്ച പറഞ്ഞു. ക്രമസമാധാനപാലനത്തിനായി 198 കമ്പനി കേന്ദ്ര സായുധ പൊലീസ് സേനകളെയും (സി.എ.പി.എഫ്) 140ലധികം സൈന്യത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 10,000 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും ഒരു ലക്ഷത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം മെയ് 3നാണ് ചുരാചന്ദ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ മെയ്‌തേയ് വിഭാഗത്തിന് സംവരണം നല്‍കിയതില്‍ പ്രതിഷേധിച്ച് ഗോത്രവര്‍ഗ വിഭാഗമായ കുക്കികള്‍ നടത്തിയ സമരമാണ് പിന്നീട് കലാപമായി ആളിക്കത്തിയത്.

Contant Highlight: CBI files charge sheet against seven persons in Manipur arms loot case