ന്യൂദല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് സി.ബി.ഐ.
39 വര്‍ഷം മുമ്പ് ദല്‍ഹിയിലെ ഗുരുദ്വാര പുല്‍ ബന്‍ഗഷ് പ്രദേശത്ത് നടന്ന അക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ ഏജന്‍സി അദ്ദേഹത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സര്‍ദാര്‍ താക്കൂര്‍ സിങ്, ബാദല്‍ സിങ്, ഗുര്‍ചരണ്‍ സിങ് എന്നീ മൂന്ന് പേര്‍ കൊല്ലപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ടൈറ്റ്ലറുടെ ശബ്ദ സാമ്പിളുകള്‍ സി.ബി.ഐ കഴിഞ്ഞ മാസം ശേഖരിച്ചിരുന്നു.
ടൈറ്റ്ലര്‍ ഗുരുദ്വാര പുള്‍ ബന്‍ഗഷിലെ ആസാദ് മാര്‍ക്കറ്റിലുണ്ടായിരുന്ന ജനക്കൂട്ടത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് സി.ബി.ഐ അവന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ അക്രമം ഗുരുദ്വാര പുല്‍ ബന്‍ഗഷ് കത്തിക്കുന്നതിലേക്കും മൂന്ന് സിഖുക്കാരെ കൊലപ്പെടുത്തുന്നതിലേക്കും നയിച്ചിരുന്നു.
ഐ.പി.സി 302 (കൊലപാതകം) സെക്ഷന്‍ 147 (കലാപം), 109 (പ്രേരണ), മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരമാണ് ടൈറ്റ്ലറിനെതിരെ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളത്. ജൂണ്‍ രണ്ടിന് കുറ്റപത്രം കോടതി പരിഗണിക്കും.
നേരത്തെ ശബ്ദരേഖ പരിശോധിക്കാനായി വിളിപ്പിച്ച സമയത്ത് തനിക്കെതിരായ കേസ് ടൈറ്റ്‌ലര്‍ തള്ളിയിരുന്നു. തനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ‘എന്താണ് ഞാന്‍ ചെയ്തത്? എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ഞാന്‍ തൂങ്ങി മരിക്കാന്‍ തയ്യാറാണ്. 1984 ലെ കലാപവുമായി ബന്ധപ്പെട്ട കേസിലല്ല മറ്റൊരു കേസിലാണ് ശബ്ദരേഖ ആവശ്യപ്പെട്ടിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.
സിഖ് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ 2002ല്‍ രൂപീകരിച്ച് നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. 1984ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയെ സിഖുകാരനായ അവരുടെ അംഗരക്ഷകന്‍ കൊലപ്പെടുത്തിയത് രാജ്യമാകെ സിഖ് സമുദായത്തിന് നേരെ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു.
Contenthighlight: CBI Files charge sheet against jagdish tytler in 1984 anti sikh riot case