| Wednesday, 17th June 2020, 5:04 pm

ബാങ്ക് തട്ടിപ്പ്; മുംബൈ ബി.ജെ.പി ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ സി.ബി.ഐ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബാങ്ക് ഓഫ് ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ മുംബൈ ബി.ജെ.പി ജനറല്‍ സെക്രട്ടറി മോഹിത് കംബോജിനെതിരെ സി.ബി.ഐ കേസെടുത്തു. 67.22 കോടി രൂപയുടെ തട്ടിപ്പ് കംബോജിന്റെ ഉടമസ്ഥതയിലുള്ള കമ്പനി നടത്തിയെന്നാണ് പരാതി.

അവ്യാന്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വര്‍ണ്ണാഭരണ കയറ്റുമതി കമ്പനി 2013 നും 2018 നും ഇടയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് സി.ബി.ഐ വക്താവ് അറിയിച്ചു. കമ്പനി ഡയറക്ടര്‍മാരുടെ അടക്കം മുംബൈയില്‍ അഞ്ചിടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

സ്വത്ത്, വായ്പ, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിവയുടെ വിശദാംശങ്ങള്‍, ലോക്കര്‍ കീകള്‍ എന്നിവയുള്‍പ്പെടെയുള്ള ചില നിര്‍ണായക രേഖകള്‍ സി.ബി.ഐയ്ക്ക് ലഭിച്ചിട്ടുണ്ട്.

കംബോജായിരുന്നു കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജാമ്യത്തിന്റെ പുറത്താണ് കമ്പനി വായ്പയെടുത്തതെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം 2015 ല്‍ കംബോജ് കമ്പനിയില്‍ നിന്ന് രാജിവെച്ചിരുന്നു.

60 കോടിയിലധികം നിക്ഷേപം ബാങ്ക് കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കിലും 2015 ല്‍ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചുവെന്നാണ് സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആറിലുള്ളത്. കംബോജിനെ കൂടാതെ വേറെയും പാര്‍ട്ടി നേതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more