| Monday, 8th February 2016, 3:06 pm

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഷുക്കൂറിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഷുക്കൂറിന്റെ മാതാവിന്റെ കണ്ണീര്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികളായ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ എന്തുകൊണ്ടു ഗൂഢാലോചന കുറ്റം നിലനിന്നില്ല എന്നതു ഗൗരവകരമാണ്. അന്വേഷണ സംഘം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കണമെന്നും കോടതി വ്യക്തമാക്കി. ഷുക്കൂറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ആശുപത്രി മുറിയില്‍ രാജേഷും ജയരാജനും ഉണ്ടായിരുന്നിട്ടും അവരുടെ പങ്ക് എന്ത് കൊണ്ട് അന്വേഷിച്ചില്ലെന്ന് കോടതി ചോദിച്ചു.

കേസില്‍ പുറത്ത് നിന്നുള്ള അന്വേഷണം വേണമെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കൊലപാതകം നടന്ന രീതി കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ജസ്റ്റിസ് കമാല്‍പാഷ പറഞ്ഞു. സി.പി.ഐ.എമ്മിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. സ്വയം പ്രഖ്യാപിത രാജാക്കന്മാര്‍ വാണാല്‍ നീതി നടപ്പാകില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐ നേരത്തെ വിസമ്മതിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ നിന്നും സി.ബി.ഐക്ക് ഒഴിഞ്ഞു മാറാനാകില്ലെന്ന് കോടതി പറഞ്ഞു.

2012 ഫെബ്രുവരി 20നാണ് കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ ശക്തികേന്ദ്രമായ ചെറുകുന്ന് കീഴറയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് ഷുക്കൂര്‍ വധിക്കപ്പെട്ടിരുന്നത്.

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ പ്രകാരം സി.ബി.ഐ പ്രതി ചേര്‍ത്ത പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more