| Thursday, 10th November 2016, 4:22 pm

രണ്ടാം മാറാട് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:  രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. രണ്ടാം മാറാട് കലാപവും ഗൂഢാലോചനയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊളക്കാടന്‍ മൂസഹാജി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

കേസ് ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് സി.ബി.ഐ അറിയിച്ചിരുന്നെങ്കിലും പിന്നീട് സന്നദ്ധത അറിയിക്കുകയായിരുന്നു. ദേശസുരക്ഷ അപകടപ്പെടുത്തുന്ന തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി കേസ് അന്വേഷിച്ച കമീഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള പശ്ചാത്തലത്തിലാണ് കേസന്വേഷണത്തിന് സിബിഐ തയ്യാറാണെന്ന് അറിയിച്ചിരുന്നത്.

സി.ബി.ഐ സ്റ്റാന്റിങ് കൗണ്‍സില്‍ മുഖേനയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് സി.ബി.എ അറിയിച്ചിരുന്നത്.

അതേ സമയം സി.ബി.ഐക്ക് ആവശ്യമായ എല്ലാ വിധ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കലാപത്തിന് പിന്നില്‍ ബാഹ്യഇടപെടലും സാമ്പത്തിക സഹായവും ഉണ്ടായിട്ടുണ്ട് എന്ന സംശയമുള്ളതിനാല്‍ കേസ് സി.ബി.ഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് കലാപക്കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനായ ജസ്റ്റിസ് തോമസ് പി ജോസഫും ശുപാര്‍ശ ചെയ്തിരുന്നു.

2003 മെയ് 2നാണ് രണ്ടാം മാറാട് കലാപം ഉണ്ടായത്. 9 പേരായിരുന്നു കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more