| Sunday, 13th January 2019, 10:19 am

അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.ഐ തലപ്പത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ തെറിപ്പിച്ചതിനു പിന്നാലെ അലോക് വര്‍മ്മയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് ശുപാര്‍ശ.

അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ.വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്നും സിവിസി പക്ഷം പിടിക്കുന്നു എന്നും അലോക് വര്‍മ്മ ആരോപിച്ചു.

നേരത്തെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായിക് വ്യക്തമാക്കിയിരുന്നു.

അലോക് വര്‍മ്മയ്‌ക്കെതിരായ പരാതികളില്‍ സിവിസി അന്വേഷണത്തിന്റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുന്‍ ജഡ്ജി ജസ്റ്റിസ് എകെ പട്‌നായിക്കിനായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വര്‍മ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയില്‍ കൈക്കൊണ്ടത്.

Read Also : യുപിയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കും; സാധ്യമായിടത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കി കഴിഞ്ഞദിവസം ഉത്തരവിട്ടത്. മോദിക്കു പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍.

അതേസമയം തനിക്ക് നീതി നിഷേധിച്ചെന്നും നടപടി ക്രമങ്ങള്‍ അട്ടിമറിച്ചെന്നും ആരോപിച്ച് അലോക് വര്‍മ്മ രാജിവെച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് തന്നെ പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പരാമര്‍ശങ്ങളാണ് അലോക് വര്‍മ്മ ഉന്നയിച്ചിരുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സി.ബി.ഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരം ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more