| Friday, 21st November 2014, 12:25 am

2ജി കേസ് അന്വേഷണം സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: 2ജി കേസ് അന്വേഷണത്തില്‍ നിന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സുപ്രീം കോടതി നീക്കി. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ 12 ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സുപ്രീം കോടതി ഉത്തരവിറക്കിയത്. കേസിലെ പ്രതികളില്‍ ചിലരെ സിന്‍ഹ രക്ഷപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്റെ കീഴിലുള്ള ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി വഴി സിന്‍ഹക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. റിലയന്‍സിനും ഷാഹിദ് ബല്‍വക്കും എതിരായ അന്വേഷണം ദുര്‍ബലപെടുത്തി എന്നാണ് സംഘടന ആരോപിച്ചിരുന്നത്. റിലയന്‍സിന്റെ പ്രതിനിധികള്‍ സിന്‍ഹയെ സന്ദര്‍ശിച്ചതായും സംഘടനയുടെ ഹരജിയില്‍ പറയുന്നു. ഇതിന് തെളിവായി സിന്‍ഹയുടെ വീട്ടില്‍ സന്ദര്‍ശകരുടെ പേരു വിവരങ്ങള്‍ സൂക്ഷിക്കുന്ന പുസ്തകത്തിന്റെ പകര്‍പ്പ് തെളിവായി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹാജരാക്കിയിരുന്നു.

നേരത്തെ കാലിത്തീറ്റ കുംഭകോണ കേസിലും അന്വേഷണം ദുര്‍ബലമാക്കിയതിന് അന്വേഷണ ചുമതലയില്‍ നിന്ന് സിന്‍ഹയെ ഒഴിവാക്കിയിരുന്നു. 2ജി സ്‌പെക്ട്രം കേസില്‍ സി.ബി.ഐ ഡയറക്ടര്‍ രജിത് സിന്‍ഹ അന്വേഷണ ഏജന്‍സിക്ക് യോജിക്കാത്ത തരത്തില്‍ ഇടപെടല്‍ നടത്തിയെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രജിത് സിന്‍ഹ “തുരപ്പനെലി”യെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിന്‍ഹയുടെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ 2ജി കേസ് ഇല്ലാതാകുമെന്നും ഗ്രോവര്‍ കോടതിയെ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more