ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ സി.ബി.ഐ പാക് ബന്ധം അന്വേഷിച്ചില്ലെന്ന് കേസില്‍ വിധി പറഞ്ഞ സെപ്ഷ്യല്‍ ജഡ്ജ് സുരേന്ദര്‍ കുമാര്‍ യാദവ്.
പാക് രഹസ്യാന്വേഷണ വിഭാഗത്തില്‍പ്പെട്ട ചിലര്‍ ജനക്കൂട്ടത്തിനിടയില്‍ നുഴഞ്ഞ് കയറി ബാബരി മസ്ജിദിന് കേടുപാടുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് സി.ബി.ഐ അന്വേഷിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളേയും വെറുതേവിട്ടുകൊണ്ടുള്ള 2300 പേജ് വിധിയിലാണ് കോടതിയുടെ പരമാര്‍ശം.
28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.
കോടതി വിധിക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയ,കലാ, സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരാണ് വിധിക്കെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ കേസില്‍ പ്രതികളായിരുന്ന അദ്വാനിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ വെറുതേ വിട്ട വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയോ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ഇതിനോടകം തന്നെ നേതാക്കളുടെ മൗനം വലിയ രീതിയില്‍ ചര്‍ച്ചയ്ക്ക് വിഷയമായിട്ടുണ്ട്. പൊതുവേ എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്താറുള്ള പ്രിയങ്കയും രാഹുലും എന്തുകൊണ്ടാണ് ബാബരി വിധിയില്‍ നിലപാട് വ്യക്തമാക്കാത്തതെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക