ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ എയര്‍ ഇന്ത്യ അഴിമതി കേസ് അവസാനിപ്പിച്ച് സി.ബി.ഐ. അന്വേഷണം അവസാനിപ്പിച്ചതായി സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
എന്‍.സി.പിയുടെ അജിത് പവാറും പ്രഫുല്‍ പട്ടേലും കഴിഞ്ഞ വര്‍ഷം എൻ.ഡി.എയിൽ ചേര്‍ന്നതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്.
എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ പാട്ടത്തിന് എടുത്ത കേസാണ് ഇപ്പോള്‍ സി.ബി.ഐ അവസാനിപ്പിച്ചിരിക്കുന്നത്. 2017 മെയ്യിൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് സി.ബി.ഐ പ്രഫുൽ പട്ടേലിനെതിരെ കേസെടുത്തത്.
എയർ ഇന്ത്യയ്ക്ക് വിമാനം പാട്ടത്തിനെടുത്തതിലെ ക്രമക്കേടുകൾ അന്വേഷിക്കാനാണ് സി.ബി.ഐ കേസെടുത്തത്. തുടർന്ന് അന്നത്തെ യു.പി.എ സർക്കാരിൻ്റെ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിനെയും വ്യോമയാന മന്ത്രാലയത്തിലെയും എയർ ഇന്ത്യയുടെയും നിരവധി ഉദ്യോഗസ്ഥരെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
ഏഴ് വർഷത്തോളം കേസ് അന്വേഷിച്ചതിന് ശേഷമാണ് പ്രഫുൽ പട്ടേലിനും എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്കും സി.ബി.ഐ ഇപ്പോൾ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
Content Highlight: CBI closes 2017 corruption case involving NCP’s Praful Patel