| Saturday, 14th July 2018, 9:44 am

ബാങ്കിനെ കബളിപ്പിച്ച് വീണ്ടും വായ്പ തട്ടിപ്പ്: സ്വകാര്യ കമ്പനി തട്ടിച്ചത് 2654 കോടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വഡോദര: രാജ്യത്ത് വീണ്ടും ബാങ്കുമായി ബന്ധപ്പെട്ട പണമിടപാട് തട്ടിപ്പു കേസ്. വഡോദര ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്കെതിരെയാണ് സി.ബി.ഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചിട്ടുള്ളത്. 11 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നും 2,654.40 കോടി രൂപ തട്ടിച്ചെന്നാണ് കേസ്. ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയുടെ മൂന്ന് ഡയറക്ടര്‍മാരെയും രണ്ട് ബാങ്കുദ്യോഗസ്ഥരെയുമാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ചും വ്യാജരേഖകള്‍ ചമച്ചും 2008 മുതല്‍ കണ്‍സോര്‍ഷ്യത്തില്‍ നിന്നും ധനസഹായം നേടുകയും ഇതിനോടകം രണ്ടായിരത്തി അറുന്നൂറു കോടിയിലധികം രൂപ വെട്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേബിളുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് ഡയമണ്ട് പവര്‍.


Also Read: “ആരാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ധനകാര്യമന്ത്രി? അതേക്കുറിച്ച് എഴുതൂ”: ജയ്റ്റ്‌ലിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ്സ്


റിസര്‍വ്വ് ബാങ്കിന്റെ കുടിശ്ശികപ്പട്ടികയിലും കയറ്റുമതി ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്റെ ജാഗ്രതാപ്പട്ടികയിലും ഇടംപിടിച്ചിട്ടുള്ള കമ്പനിക്ക് ഈ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ് കണ്‍സോര്‍ഷ്യം വായ്പയനുവദിച്ചത്. കമ്പനിയുടെ ഡയറക്ടര്‍മാരായ സുരേഷ് ഭട്‌നഗര്‍, അമിത് ഭട്‌നഗര്‍, സുമിത് ഭട്‌നഗര്‍ എന്നിവരാണ് തട്ടിപ്പിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു സ്വകാര്യ കമ്പനികളില്‍ നിന്നും ഇവര്‍ വ്യാജ രേഖകള്‍ സമ്പാദിച്ചതായും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.” കമ്പനിയുടെ വിറ്റുവരവ് പെരുപ്പിച്ചുകാണിച്ച് ക്രെഡിറ്റ് ലിമിറ്റില്‍ വര്‍ദ്ധനവ് വരുത്തുകയായിരുന്നു. സര്‍ക്കാരില്‍ നിന്നും അനധികൃതമായി കേന്ദ്ര ടാക്‌സ് ക്രെഡിറ്റും ഇവര്‍ സമ്പാദിച്ചതായി രേഖകളുണ്ട്.” അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബാങ്ക് ഓഫ് ഇന്ത്യയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരും അസിസ്റ്റന്റ് ജനറല്‍ മാനേജരും കേസില്‍ പ്രതികളാണ്. ഡയറക്ടര്‍മാരെ സി.ബി.ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ മൂന്നുപേരും കുറ്റം നിഷേധിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more