'വ്യവസ്ഥിതിയും നിയമവും ഇങ്ങനെയാണ്' സൊഹ്‌റാബുദ്ദീന്റെ കുടുംബത്തോട് ഖേദമുണ്ടെന്ന് സി.ബി.ഐ കോടതി
national news
'വ്യവസ്ഥിതിയും നിയമവും ഇങ്ങനെയാണ്' സൊഹ്‌റാബുദ്ദീന്റെ കുടുംബത്തോട് ഖേദമുണ്ടെന്ന് സി.ബി.ഐ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st December 2018, 12:57 pm

ന്യൂദല്‍ഹി: കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് സി.ബി.ഐ പ്രത്യേക കോടതി. സോഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട വിധി വായിക്കവേയാണ് സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ ശര്‍മ്മ സൊഹ്‌റാബുദ്ദീന്റെ കുടുംബത്തോട് ഖേദമുണ്ടെന്ന് പറഞ്ഞത്.

“മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിന്റെ കുടുംബത്തോട് ഖേദമുണ്ട്. എന്നിരുന്നാലും വ്യവസ്ഥിതിയും നിയമവും പ്രകാരം കോടതിക്ക് തെളിവുകളിലൂന്നി മാത്രമേ മുന്നോട്ടുപോകാനാവൂ” അദ്ദേഹം പറഞ്ഞു.

പല സാക്ഷികളും കൂറുമാറിയതാണ് പ്രോസിക്യൂഷന് വിനയായതെന്നും കോടതി ചൂണ്ടിക്കാട്ടി. ” സര്‍ക്കാറും പ്രോസിക്യൂഷനും ഒരുപാട് പരിശ്രമിച്ചു. 210 സാക്ഷികളെയാണ് ഹാജരാക്കിയത്. പക്ഷേ മതിയായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചില്ല. സാക്ഷികള്‍ പിന്നീട് കൂറുമാറി. സാക്ഷികള്‍ സംസാരിച്ചില്ലെങ്കില്‍ അത് പ്രോസിക്യൂട്ടറുടെ വീഴ്ചയല്ല.” കോടതി വ്യക്തമാക്കി.

പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊലപാതകവും ഗൂഢാലോചനയും തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി.

Also read:സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ആരോപണ വിധേയരായ 22 പൊലീസുകാരെയും വെറുതെ വിട്ട് കോടതി

തുളസീ റാം പ്രജാപതിയുടെ കൊലപാതകത്തില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താനായില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥറും ഉള്‍പ്പെടെ 38 പേര്‍ പ്രതിപ്പട്ടികയുണ്ടായിരുന്ന കേസില്‍ അമിത് ഷായുള്‍പ്പെടെ 16 പേരെ 2014ല്‍ കോടതി വെറുതെ വിട്ടിരുന്നു.

ഗുജറാത്ത് രാജസ്ഥാന്‍ പൊലീസ് സംഘങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ 21 പൊലീസ് ഉദ്യോഗസ്ഥറും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണ് പ്രതികളായിരുന്നത്.

സോഹ്‌റാബുദ്ദീന് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയുമായും പാക് ചാരസംഘടന ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലില്‍ സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയേയും കൊലപ്പെടുത്തിയെന്നാണ് കേസ്.

സൊഹ്‌റാബുദ്ദീന്റെ സഹായിയായിരുന്ന തുളസീറാം പ്രജാപതിയേയും പിന്നീട് കൊലപ്പെടുത്തി.