'കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ വിധി പുറപ്പെടുവിക്കുന്നു'; സി.ബി.ഐ ആര്‍.എസ്.എസിന്റെ ശാഖയായി മാറിയെന്നു കമല്‍ നാഥ്
Daily News
'കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ വിധി പുറപ്പെടുവിക്കുന്നു'; സി.ബി.ഐ ആര്‍.എസ്.എസിന്റെ ശാഖയായി മാറിയെന്നു കമല്‍ നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2017, 9:49 am

 

ഇന്‍ഡോര്‍: സി.ബി.ഐ ആര്‍.എസ്.സിന്റെ ശാഖയായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വ്യാപം അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ സി.ബി.ഐ നടപടിയെ വിമര്‍ശിച്ചു കൊണ്ടാണ് കമല്‍ നാഥിന്റെ പ്രതികരണം.

“ഏതെങ്കിലും കോടതിയാണോ ചൗഹാന് ക്ലീന്‍ ചിറ്റ് നല്‍കിയത്.? സി.ബി.ഐ യാണ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെ ശാഖയായി മാറിയിരിക്കുകയാണ് സി.ബി.ഐ.”

വ്യാപം അഴിമതിക്കേസ് അന്വേഷിക്കാന്‍ നിയോഗിച്ച സി.ബി.ഐ ഇപ്പോള്‍ വിധി പുറപ്പെടുവിക്കുകയാണെന്ന് കമല്‍ നാഥ് പറഞ്ഞു. ഇത് ആര്‍.എസ്.എസിനോടുള്ള സി.ബി.ഐയുടെ വിധേയത്വമാണ് വെളിപ്പെടുത്തുന്നതെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് മധ്യപ്രദേശിലേതെന്നും കമല്‍ നാഥ് പറഞ്ഞു. കഴിഞ്ഞ 14 വര്‍ഷത്തെ ബി.ജെ.പി ഭരണം 160 അഴിമതിക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒക്ടോബര്‍ 31 നാണ് വ്യാപം പരീക്ഷത്തട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റപത്രം സി.ബി.ഐ സമര്‍പ്പിക്കുന്നത്. ശിവരാജ് സിംഗിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.