കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആറു രേഖകള്‍ ഹാജരാക്കണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനോട് സി.ബി.ഐ ആവശ്യപ്പെട്ടു
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെല്‍ത്ത് സെന്ററും സംബന്ധിച്ച വിവരങ്ങള്‍, പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളുടെ രേഖകള്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററും ലൈഫ് മിഷന്‍ പദ്ധതിയുമായുള്ള ബന്ധം, യൂണിടാക്കും സെയ്ന്റ് വെഞ്ചേഴ്‌സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എന്നിവയാണ് ഹാജരാക്കേണ്ടത്.
ഒക്ടോബര്‍ അഞ്ചാം തിയതി കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹാജരാകുമ്പോള്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ സി.ഇ.ഒ ആയ യു.വി ജോസ്, അല്ലെങ്കില്‍ ഈ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ആണ് തിങ്കളാഴ്ച സി.ബി.ഐ ഓഫീസിലെത്തേണ്ടത്.
നേരത്തേ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എം.ഡി, ജി സന്തോഷ് ഈപ്പനെയും, ഭാര്യയേയും വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം ലൈഫ് മിഷന്‍ കേസിലെ സി.ബി. ഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പദ്ധതിക്കായി അനുവാദമില്ലാതെ വിദേശസഹായം സ്വീകരിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലൈഫ് മിഷന്‍ സി.ഇ.ഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയാണെന്നും അതിനാല്‍ സര്‍ക്കാരിന് സംഭവത്തില്‍ ഉത്തരവാദിത്തമുണ്ടെന്നുമാണ് സി.ബി.ഐ പറയുന്നത്.
യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണമിടപാട് കരാര്‍ നടന്നതെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരായിരിക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വിദേശസഹായം സ്വീകരിച്ചിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിദേശസഹായം സ്വീകരിച്ചതിന്റെ പ്രയോജനം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുമതി കൊടുത്തതിനെപ്പറ്റിയും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കണമെന്നും സി.ബി.ഐ നിര്‍ദേശിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക