| Wednesday, 26th June 2024, 12:17 pm

ഇ.ഡി തോറ്റപ്പോൾ ഒരു കൈ നോക്കാൻ: അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. സുപ്രീം കോടതി കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ അറസ്റ്റ്.

സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി കെജ്‌രിവാള്‍ പിന്‍വലിച്ചു. സി.ബി.ഐ കേസ് കൂടി ഉള്‍പ്പെടുത്തി പുതിയ ഹരജി സമര്‍പ്പിക്കുമെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി പറഞ്ഞു.

പുതിയ ഹരജി സമര്‍പ്പിക്കാന്‍ കെജ്‌രിവാളിന് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

കെജ്‌രിവാളിനെ ഇന്ന് സി.ബി.ഐ ദല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2022ലാണ് മദ്യനയക്കേസില്‍ സി.ബി.ഐ കേസെടുത്തതെന്നും അന്ന് കെജ്‌രിവാള്‍ സാക്ഷി ആയിരുന്നെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. പിന്നീട് അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ടാണ് രണ്ട് വര്‍ഷം സമയമെടുത്തതെന്നും അഭിഭാഷകന്‍ ചോദിച്ചു.

സുപ്രീം കോടതി ഇന്ന് കെജ്‌രിവാളിന്റെ ഹരജി പരിഗണിക്കാനിരിക്കെ ഇത്തരമൊരു നടപടി ഗൂഢാലോചനയുടെ ഭാഗമാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതിനിടെ, സി.ബി.ഐയുടെ കസ്റ്റഡി ആവശ്യത്തില്‍ റൗസ് അവന്യൂ കോടതിയില്‍ വാദം തുടരുകയാണ്.

ചൊവ്വാഴ്ച തിഹാർ ജയിലിലെത്തി സി.ബി.ഐ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു.

കെജ്‌രിവാളിന് ജാമ്യം അനുവദിച്ച വിചാരണ കോടതി വിധി ചൊവ്വാഴ്ചയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ജാമ്യം അനുവദിച്ച് കൊണ്ട് വിചാരണ കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ ശരിയല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഇ.ഡിയുടെ മുഴുവന്‍ വാദങ്ങളും കേൾക്കാതെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. പി.എം.എല്‍.എ വകുപ്പ് നിര്‍ദേശിക്കുന്ന ഇരട്ട വ്യവസ്ഥ വിചാരണ കോടതി പാലിച്ചോയെന്ന് സംശയമുള്ളതായും ഹൈക്കോടതി വിധിയില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജാമ്യ ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹരജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കാനിരിക്കെയാണ് സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlight: CBI arrests Arvind Kejriwal in liquor case

We use cookies to give you the best possible experience. Learn more