കൈക്കൂലിക്കേസില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
national news
കൈക്കൂലിക്കേസില്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലറെ സി.ബി.ഐ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th February 2022, 7:59 am

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട
കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

ഇവരുടെ അസോസിയേറ്റ് ആയ ബിലാല്‍ എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.

20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നും കൗണ്‍സിലര്‍ക്കെതിരെ കേസുള്ളതായി സി.ബി.ഐ വക്താവ് ആര്‍.സി. ജോഷി പറഞ്ഞു.

പരാതിക്കാരന്റെ വീടിന് മേല്‍ക്കൂര പണിയുന്നതുമായി ബന്ധപ്പെട്ട അപേക്ഷക്ക് മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും അനുമതി ലഭിക്കണമെങ്കില്‍ 20,000 രൂപ നല്‍കണം എന്ന് ഗീത റാവത്ത് ആവശ്യപ്പെട്ടതായാണ് പരാതി.

സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണവും പുറത്തുവന്നിട്ടുണ്ട്.

”കൗണ്‍സിലര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. അഴിമതി കാണിക്കുന്ന ഏത് ജനപ്രതിനിധിയാണെങ്കിലും, അത് എം.എല്‍.എയോ എം.പിയോ മുനിസിപ്പല്‍ കൗണ്‍സിലറോ ആവട്ടെ, അവര്‍ക്കെതിരെ കടുത്ത, മാതൃകാപരമായ നടപടി തന്നെ ഉണ്ടാവണം.

ആം ആദ്മി പാര്‍ട്ടി എന്നും അഴിമതിക്ക് എതിരായാണ് നിലകൊള്ളുന്നത്. സി.ബി.ഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് എ.എ.പി പറഞ്ഞു.

അതേസമയം അറസ്റ്റിലായ ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി കോടതിയില്‍ ഹാജരാക്കുമെന്നും സി.ബി.ഐ അറിയിച്ചു.


Content Highlight: CBI arrests AAP councilor on charges of corruption and bribery