| Tuesday, 3rd May 2022, 3:12 pm

CBI 5: The Brain Review | വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ 'ബെസ്റ്റ് ത്രില്ലര്‍'

അന്ന കീർത്തി ജോർജ്

അഭിനയിക്കുന്നവര്‍ക്ക് പോലും സി.ബി.ഐ 5ാം ഭാഗമായ ദി ബ്രെയ്‌നിന്റെ കഥ പൂര്‍ണമായി അറിയില്ലെന്നായിരുന്നു ഈ സിനിമയുടെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിരുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകനും ഏകദേശം ആ അവസ്ഥയിലാണ്. എവിടെ നിന്നോ തുടങ്ങി മറ്റെവിടെയോ ചെന്നവസാനിക്കുന്ന ചിന്നിച്ചിതറി കിടക്കുന്ന കഥയും ഒരു ത്രില്ലുമില്ലാത്ത തിരക്കഥയും ഏറ്റവും പഴഞ്ചനായ മേക്കിങ്ങുമാണ് ഈ സിനിമയിലേത്.

പല കഥാപാത്രങ്ങളും ആവര്‍ത്തിച്ചു പറയുന്ന ബാസ്‌കറ്റ് കില്ലിങ്ങ് എന്താണെന്ന് പോലും സിനിമ കണ്ടവര്‍ക്ക് മനസിലായിരിക്കാനോ ഓര്‍ത്തിരിക്കാനോ സാധ്യതയില്ല.


മലയാളത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ കള്‍ട്ടാണ് സി.ബി.ഐ. സേതുരാമയ്യര്‍ സി.ബി.ഐയോളം ആഘോഷിക്കപ്പെട്ട ഒരു കുറ്റാന്വേഷകന്‍ മലയാളത്തിലുണ്ടാകില്ല. പക്ഷെ ആ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ടാണ് ഈ അഞ്ചാമത്തെ ബ്രെയ്ന്‍ എത്തിയത്. ഒരു ഫ്ളാഷ്ബാക്കിലൂടെ, ഒരുപാട് കഥാപാത്രങ്ങളെ കുത്തിനിറച്ചുകൊണ്ടുള്ള ഒരു കഥപറച്ചില്‍ രീതിയാണ് സിനിമയുടേത്.

ഇതുവരെ ഇറങ്ങിയ സി.ബി.ഐ സീരിസിലെ സിനിമകളില്‍ എല്ലാം വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നില്ല. പക്ഷെ വീണ്ടും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ത്രില്ലുള്ള ഘടകങ്ങള്‍ എല്ലാ സിനിമയിലുമുണ്ടായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഡയറിക്കുറിപ്പിന്റെയും ജാഗ്രതയുടെയും നേരറിയാന്‍ സി.ബി.ഐയുടെയും സേതുരാമയ്യര്‍ സി.ബി.ഐയുടെയുമൊന്നും അടുത്തെത്താന്‍ ഈ പുതിയ തലച്ചോറിന് കഴിയുന്നില്ല.

എസ്.എന്‍. സ്വാമിയുടെ കഥയും തിരക്കഥയും കെ. മധുവിന്റെ സംവിധാനവും അടപടലം പാളിയിരിക്കുകയാണ്. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ അതേ ഫോര്‍മാറ്റില്‍ തന്നെ പുതിയ കാലത്ത് ഒരു സിനിമയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരിക്കുകയാണ്.

സി.ബി.ഐ ദി ബ്രെയ്നിന്റെ ട്രെയ്ലര്‍ സമ്മാനിച്ച ആ നൊസ്റ്റാള്‍ജിയ വെച്ചുതന്നെയാണ് സിനിമയെ സമീപിച്ചതും. എന്നാല്‍ കഥയുടെ കാര്യത്തില്‍ പോലും അങ്ങുമിങ്ങുമെത്താത്ത ഒരു ഫീലാണ് ലഭിച്ചത്. ഒന്നിനു പിറകെ ഒന്നായി കൊലപാതകങ്ങള്‍ നടക്കുകയും കേരള പൊലീസില്‍ നിന്നും ആ കേസ് സി.ബി.ഐയിലെത്തുകയും ചെയ്യുന്ന രീതി തന്നെയാണ് ഇവിടെയുമുള്ളത്.

ഡമ്മിയിടല്‍ ഇല്ല, ബാക്കി അവിഹിതബന്ധങ്ങളും, അയാളാണോ ഇയാളാണോ കൊലപാതകി എന്ന കുറച്ച് അന്വേഷണങ്ങളുമൊക്കെ അതുപോലെ തന്നെയുണ്ട്. പിന്നെ ഹാര്‍ഡ് ഡിസ്‌ക് കണക്ട് ചെയ്യുന്നതൊക്കെ വളരെ ക്ലോസ് ഷോട്ടൊക്കെയായി കാണിച്ചത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഏതോ കാലത്തില്‍ നില്‍ക്കുകയാണെന്ന സൂചന തന്നെയായിരുന്നു നല്‍കിയത്.

സിനിമയില്‍ കൊല്ലപ്പെടുന്നവരോടോ, അതില്‍ അന്വേഷണം നടത്തുന്നവരോടോ പ്രേക്ഷകര്‍ക്ക് ഒരു രീതിയിലും കണക്ട് ചെയ്യാനാകുന്നില്ല. ഈ കൊലപാതകം നടത്തിയവരെ കണ്ടുപിടിക്കണമെന്നുള്ള ഒരു ആഗ്രഹവും കണ്ടിരിക്കുന്ന ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാകാനും സാധ്യതയില്ല.

സ്പൈഡര്‍മാനിലെ ‘പീറ്റര്‍ ടിങ്കിള്‍’ എന്നൊക്കെ പറയുന്നത്‌പോലെ സേതുരാമയ്യര്‍ക്ക് കുറെ ഗട്ട് ഫീലിങ്ങ്സ് സിനിമയിലുണ്ട്. അതാണ് കേസില്‍ ബ്രേക്ക്ത്രൂ ഉണ്ടാക്കുന്നതായി തോന്നിയത്. അല്ലാതെ ആ ക്യാരക്ടറിന്റെ കൂര്‍മബുദ്ധി, അന്വേഷണത്തിലെ മറ്റു കാര്യങ്ങള്‍ ഇവയൊന്നും കാര്യമായി സിനിമയില്‍ കാണാന്‍ സാധിക്കില്ല.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ റിവ്യൂ ചെയ്യുമ്പോഴും അല്ലെങ്കില്‍ ആരോടെങ്കിലും പടത്തെകുറിച്ച് സംസാരിക്കുമ്പോഴും പ്ലോട്ടോ സ്പോയ്ലറോ വരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷെ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന് അത്തരമൊരു കരുതലെടുക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം പറയാന്‍ തക്ക മികച്ച ഒരു പ്ലോട്ട് സിനിമയിലില്ല.

ചിത്രത്തിലെ തിരക്കഥക്കും സംവിധാനവും നല്‍കിയ വിരസത തന്നെയാണ് ക്യാമറയും മ്യൂസികും എഡിറ്റിങ്ങുമെല്ലാം നല്‍കുന്നത്. സി.ബി.ഐയുടെ ആ ഐകോണിക് മ്യൂസിക് ടൈറ്റിലിലും സേതുരാമയ്യരുടെ ഇന്‍ട്രൊയിലുമൊക്കെ ശരിക്കും രോമാഞ്ചം നല്‍കിയിരുന്നെങ്കിലും മറ്റു പലയിടത്തും ജേക്‌സ് ബിജോയ്യുടെ സംഗീതം അത്ര മികച്ച അനുഭവം നല്‍കുന്നില്ല.

സി.ബി.ഐ ഓഫീസടക്കം സിനിമയില്‍ കാണിച്ച പല കെട്ടിടങ്ങളും സെറ്റ് അപ്പുകളുമൊക്കെ നിലവാരം പുലര്‍ത്താത് പോലെ കൂടി തോന്നിയിരുന്നു. മേക്കപ്പിലും അത്തരം ചില കാണിച്ചുകൂട്ടലുകളും ഇംപെര്‍ഫെക്ഷന്‍സും തോന്നിയിരുന്നു.

കഥാപാത്രങ്ങളിലേക്ക് വന്നാല്‍, എണ്ണിയാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ ചിത്രത്തിലുണ്ട്. സിനിമ കണ്ടിറങ്ങിയ ശേഷവും, എന്തായിരുന്നു എന്തിനായിരുന്നു ഇവരെയൊക്കെ കാണിച്ചത് എന്നൊരു ചോദ്യം പ്രേക്ഷകരില്‍ അവശേഷിക്കും.

സേതുരാമയ്യരെ വര്‍ഷങ്ങള്‍ക്കിപ്പുറവും മാനറിസങ്ങളടക്കം കൈവിട്ടു പോകാതെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നെ ആ മ്യൂസിക്കില്‍ സേതുരാമയ്യരെ കാണിക്കുന്ന സീന്‍ തീര്‍ച്ചയായും രോമാഞ്ചം തന്നെയായിരുന്നു. തന്റെ ഭാഗങ്ങളെല്ലാം മമ്മൂട്ടി മികച്ചതാക്കുന്നുണ്ടെങ്കിലും സിനിമയില്‍ അദ്ദേഹത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

സേതുരാമയ്യര്‍ കഴിഞ്ഞാല്‍ ഈ സിനിമ കാണാന്‍ കാത്തിരുന്നത് ജഗതി ശ്രീകുമാറിന് വേണ്ടിയായിരുന്നു. ജഗതിയുടെ വിക്രമിനെയാണ് സിനിമയില്‍ ഏറ്റവും ഭംഗിയായി, നടന്റെ ഇന്നത്തെ ശാരീരികാവസ്ഥകളെയെല്ലാം കഥയിലേക്ക് ചേര്‍ത്തുവെച്ചുകൊണ്ട് പ്ലേസ് ചെയ്തിരിക്കുന്നത്. അല്‍പം ഇമോഷണലായി തന്നെയാണ് കുറച്ച് സമയം മാത്രമുള്ള ഈ സീന്‍ കണ്ടത്.

രണ്‍ജി പണിക്കരാണ് പിന്നീട് സിനിമയില്‍ ത്രൂഔട്ട് ഉള്ള മറ്റൊരു കഥാപാത്രം. രണ്‍ജി പണിക്കര്‍ സ്‌റ്റൈലിന്റെ ഏറ്റവും കൂടിയ വേര്‍ഷനായിരുന്നു ഈ സിനിമയില്‍ കണ്ടത്. എല്ലാ അഭിനേതാക്കള്‍ക്കും സ്വന്തമായ അഭിനയശൈലി ഉണ്ടാകുമെങ്കിലും ഈ സിനിമയില്‍ രണ്‍ജി പണിക്കരുടെ പെര്‍ഫോമന്‍സ് പലയിടത്തും അല്‍പം കടന്നുപോയതായി തോന്നിയിരുന്നു.

ഇത് അദ്ദേഹത്തിന്റെ കാര്യത്തില്‍ മാത്രമല്ല. രമേഷ് പിഷാരടിയും ആശ ശരതും അന്‍സിബയും സൗബിന്‍ ഷാഹിറും തുടങ്ങി മിക്ക അഭിനേതാക്കളുടെ ഡയലോഗുകളിലും പെര്‍ഫോമന്‍സിലും നാടകീയത പ്രകടമായിരുന്നു. സ്‌ക്രിപ്റ്റിലും ഡയലോഗുകളിലും സീനുകളിലുമുള്ള അസ്വാഭാവികതയാണ് അഭിനേതാക്കളുടെ പ്രകടനത്തിലും കാണാനാകുന്നത്.

സായ്കുമാറിന്റെ സത്യദാസാണ് സിനിമയിലെ മറ്റൊരു കഥാപാത്രം. സുകുമാരന്റെ മാനറിസങ്ങളുമായെത്തി മുന്‍ സിനിമയില്‍ ഏറെ പ്രേക്ഷകപ്രീതി നേടിയ ആ ക്യാരക്ടര്‍ പക്ഷെ ഇവിടെയെത്തുമ്പോള്‍ കുറെയൊക്കെ ഒരു പരാജയമാകുന്നുണ്ട്. ചിലയിടത്തൊക്കെ മാനറിസങ്ങള്‍ നല്ലതാണെങ്കില്‍ പോലും ആ അടി കിട്ടിയതോര്‍ക്കുന്ന സീനൊക്കെ കൈവിട്ട കളിയായിരുന്നു.

മൊത്തത്തില്‍, വലിയ പുതുമയൊന്നും പ്രതീക്ഷിക്കാതെ എത്തിയവര്‍ക്ക് പോലും ഒരു ഡീസന്റ് ത്രില്ലര്‍ ഫീല്‍ തരാന്‍ സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന് കഴിയുന്നില്ല എന്ന് പറയാം.

Content Highlight: CBI 5 the Brain review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more