| Friday, 25th March 2022, 4:51 pm

സി.ബി.ഐ അഞ്ചിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്; അയ്യര്‍ക്ക് പവര്‍ നല്‍കി ജേക്‌സ് ബിജോയിയുടെ മ്യൂസികും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സി.ബി.ഐ5 ദി ബ്രെയിനിന്റെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

കൈ പിറകില്‍ കെട്ടി നില്‍ക്കുന്ന മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്കൊപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസികും പോസ്റ്ററിന്റെ ഹൈലൈറ്റാണ്.


സി.ബി.ഐ സീരീസിലെ എല്ലാ സിനിമകളിലുമുള്ള ശ്യാമിന്റെ ബേസിക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് മാറ്റം വരുത്തിയ ജേക്‌സ് ബിജോയ് ടച്ച് തന്നെയാണ് പുതിയ മോഷന്‍ പോസ്റ്ററിന്റെ ഹൈലൈറ്റ്.

മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരീസിലെ സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളാണ്.

രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സായ്കുമാര്‍, രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, എന്നിവരാണ് സി.ബി.ഐ അഞ്ചില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടന്‍ ജഗതി ശ്രീകുമാറും സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു.

സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.

Content Highlight: CBI 5 the Brain new motion poster is out, with Jakes Bejoy music

We use cookies to give you the best possible experience. Learn more