| Tuesday, 10th May 2022, 12:01 pm

ഇത്രേം നല്ല ഒരു പടത്തിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു, അത് ഒരു പരിധി വരെ നടന്നു: കെ മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്. മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സീരീസിലെ അഞ്ചാം ഭാഗം സി.ബി.ഐ 5 ദി ബ്രെയിന്‍ സമ്മിശ്ര പ്രതികരണം നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

ഇതിനിടെ കഴിഞ്ഞ ദിവസം സി.ബി.ഐയിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് സ്വീകരണം നല്‍കിയിരുന്നു.

സി.ബി.ഐ 5 ദ ബ്രെയിനിന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചിലയാളുകള്‍ ശ്രമിച്ചിരുന്നതായും അത് ഒരു പരിധി വരെ നടന്നുവെന്നും പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ കെ മധു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും സംവിധായകന്‍ പറയുന്നു.

”മമ്മൂട്ടി ജീവിക്കുകയാണ് ഈ കഥാപാത്രമായി. സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്.

ലോകമെമ്പാടും ഇന്ന് ഈ സിനിമക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്.

ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്‌നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നത്.

ഈ പരമ്പരകളെല്ലാം തന്നെ അതാത് കാലത്തെ യുവത്വത്തിനെ കൂടെ കൂട്ടി ഞങ്ങള്‍ ചെയ്ത സിനിമകളാണ്. ഇപ്പോഴും ഈ സിനിമക്കും യുവത്വത്തിന്റെ പിന്തുണ ഞങ്ങള്‍ക്ക് പരിപൂര്‍ണമായും ഉണ്ട്.

അത് എവിടെയോ തച്ചുടക്കാന്‍, ആ അടുപ്പം തച്ചുടക്കാന്‍ ആരോ ശ്രമിക്കുന്നുണ്ട്.

ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു.

അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്,” കെ മധു പറഞ്ഞു.

സി.ബി.ഐയുടെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി, അഭിനേതാക്കളായ സായ് കുമാര്‍, മുകേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മറ്റ് സിനിമകളുടെ ഷൂട്ടിങ്ങ് തിരക്കുകള്‍ കാരണം നടന്‍ മമ്മൂട്ടിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജഗതി ശ്രീകുമാറും ചടങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈനായായിരുന്നു ഇരുവരും പരിപാടിയില്‍ പങ്കെടുത്തത്.

രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ആശാ ശരത്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, സുദേവ് നായര്‍, സ്വാസിക, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Content Highlight: CBI 5 director K Madhu about the negative opinions of the movie

We use cookies to give you the best possible experience. Learn more