മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ അപൂര്‍ണ്ണമാണെന്ന് ചൂണ്ടിക്കാണിച്ച് സെന്‍സര്‍ ബോര്‍ഡ് തിരിച്ചയച്ചു. രജ്പുത് സംഘടനകളില്‍ നിന്നും ഭീഷണി ഉയരുന്നതിനിടെയാണ് പത്മാവതിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്തും നിന്നും തിരിച്ചടി നേരിട്ടത്.
കഴിഞ്ഞയാഴ്ചയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ സെന്‍സറിംഗിനായി ബോര്‍ഡിനെ സമീപിച്ചതെന്ന് സി.ബി.എഫ്.സി വൃത്തങ്ങള്‍ അറിയിച്ചു.
” സാധാരണ എല്ലാ ചിത്രങ്ങളും പരിശോധിക്കുന്നതു പോലെ തന്നെ പത്മാവതിയുടെ അപേക്ഷയും പരിശോധിച്ചു. എന്നാല്‍ അപേക്ഷ അപൂര്‍ണ്ണമായിരുന്നു. അവര്‍ക്ക് പൂര്‍ണ്ണമായ അപേക്ഷയുമായി വീണ്ടും ബോര്‍ഡിനെ സമീപിക്കാം.”
പത്മാവതി പരിശോധനയ്ക്ക് വരുന്നതിനനുസരിച്ചായിരിക്കും സിനിമയുടെ റിലീസിംഗും തീരുമാനിക്കപ്പെടുക എന്നും പത്മാവതിക്ക് മാത്രമായി എന്തെങ്കിലും തരത്തിലുള്ള പരിഗണന നല്‍കാനാവില്ലെന്നും ബോര്‍ഡ് അറിയിച്ചു. എന്നാല്‍ അപേക്ഷയില്‍ ഉണ്ടായിരുന്നത് ചെറിയ ടെക്‌നിക്കല്‍ തെറ്റുകളായിരുന്നെന്നും സിനിമ പരിശോധിക്കുന്നതില്‍ നിന്നും മാറിനില്‍ക്കാന്‍തക്ക് തെറ്റുകളൊന്നുമില്ലായിരുന്നെന്നും സിനിമയുടെ വിതരണക്കാര്‍ അറിയിച്ചു.
നേരത്തെ പത്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്ന സിനിമയാണെന്നാരോപിച്ച് രജ്പുത്ര സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദീപിക പദുക്കോണാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ഷാഹിദ് കപൂറും, രണ്‍വീര്‍ സിംഗുമടക്കം വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.