|

ടെലിവിഷനില്‍ പ്രദര്‍ശനാനുമതി ലഭിക്കാതെ 'മാര്‍ക്കോ'; വയലന്‍സിന്റെ അതിപ്രസരമെന്ന് സി.ബി.എഫ്.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മലയാള സിനിമയായ മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍.
ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷയാണ് സി.ബി.എഫ്.സി നിരസിച്ചത്. റീജിയണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.

സിനിമയിലെ കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു. നിലവില്‍ യു അല്ലെങ്കില്‍ യു/എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത വിധത്തിലുള്ള വയലന്‍സ് സിനിമയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

കേരളത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും തുടര്‍ച്ചയായി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിനിമ ഒരു തരത്തില്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്ന ചര്‍ച്ചകളും വാദങ്ങളും ഇതിനിടെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മാര്‍ക്കോ സിനിമക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്.

2024ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം തിയേറ്ററിലെത്തിയത്. 18 വയസിന് താഴെയുള്ളവര്‍ക്ക് കാണാന്‍ പാടില്ലാത്ത തരത്തില്‍ അതിക്രൂരമായ രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

കഴിഞ്ഞ ദിവസം സിനിമയിലെ നായകനായ ഉണ്ണി മുകുന്ദന്‍ വെറും ഒരുവയസ് മാത്രമുള്ള കുട്ടി മാര്‍ക്കോ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്തത്.

ഇതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദനെതിതിരെ വ്യാപകമായി വിമര്‍ശനമുയര്‍ന്നു. പിന്നാലെ ഉണ്ണിമുകുന്ദന്‍ തന്റെ വാളില്‍ നിന്ന് ഈ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു. കുട്ടി സിനിമ കാണുന്ന വീഡിയോ പബ്ലിഷ് ചെയ്ത ‘ഐ ആം ക്രിമിനോളജിസ്റ്റ്’ എന്ന ഐഡിക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

Content Highlight: cbfc denied television broadcasting of marco movie starring unni mukundan

Latest Stories

Video Stories