ടോകിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായ പി.വി. സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സെമിയില്‍ പൊരുതി വീണു. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോട് പരാജയപ്പെട്ടാണ് സിന്ധു പുറത്തായത്. നേരിട്ടുള്ള ഗെയ്മുകള്‍ക്കായിരുന്നു സിന്ധുവിന്റെ പുറത്താകല്‍. സ്‌കോര്‍ 21-18, 21-12.
ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ 21-18നാണ് ഒന്നാം സെറ്റ് സിന്ധുവിന് നഷ്ടമായത്. രണ്ടാം ഗെയിമിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ തായ് സു ഗെയിമിന്റെ അവസാനം വരെ അതു നിലനിര്‍ത്തി 21- 12 ന് ഗെയിം സ്വന്തമാക്കുകയായിരുന്നു. നാളെ വൈകീട്ടുള്ള ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ചാല്‍ സിന്ധുവിന് വെങ്കല മെഡല്‍ ഉറപ്പിക്കാം.
ക്വാര്‍ട്ടറില്‍ ജപ്പാന്‍ താരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു സിന്ധു നേരത്തെ സെമി ഉറപ്പിച്ചിരുന്നത്.
തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലായിരുന്നു സിന്ധു സെമിയില്‍ പ്രവേശിച്ചിരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് പി.വി. സിന്ധു.
അതേസമയം, 75 കിലോ വനിത ബോക്‌സിങ്ങില്‍ ഇന്ത്യയുടെ പൂജ റാണിയും ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ ക്വാന്‍ ലിയാണ് പൂജയെ തോല്‍പ്പിച്ചത്. ആദ്യമായാണ് പൂജ റാണി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.
വനിതകളുടെ ഡിസ്‌ക്കസ് ത്രോയില്‍ രണ്ടുവട്ടം ഒളിമ്പിക്‌സ് സ്വര്‍ണമണിഞ്ഞ സാന്ദ്ര പെര്‍കോവിച്ചിനെ മറികടന്ന് ഇന്ത്യയുടെ
കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടി.
യോഗ്യതാറൗണ്ടില്‍ 64 മീറ്റര്‍ എന്ന യോഗ്യതാ മാര്‍ക്ക് പിന്നിട്ട രണ്ടുപേരില്‍ ഒരാളാണ് കമല്‍പ്രീത്. മെഡല്‍ നേടുകയാണെങ്കില്‍ ഇന്ത്യന്‍ അത്‌ലക്‌സിന്റെ ചരിത്രത്തില്‍ മേഡല്‍ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം